ദില്ലി : അന്താരാഷ്ട്ര ബന്ധങ്ങളിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും, രാജ്യത്തിന്റെ താൽപര്യങ്ങൾ മാത്രമാണ് പ്രധാനമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എൻഡിടിവി ഡിഫൻസ് സമ്മിറ്റ് 2025-നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുമായി സമീപകാലത്ത് ഉടലെടുത്ത തർക്കങ്ങളുടെയും ചൈനയുമായി വർധിച്ചുവരുന്ന സഹകരണത്തിന്റെയും പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ, പ്രത്യേകിച്ച് കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി.
”സ്ഥിരം സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല, സ്ഥിരം താൽപ്പര്യങ്ങൾ മാത്രം. ഇന്ത്യ ആരെയും ശത്രുവായി കാണുന്നില്ല. ഞങ്ങളുടെ കർഷകരുടെയും സംരംഭകരുടെയും താൽപ്പര്യമാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം. രാജ്യത്തിന്റെ ക്ഷേമത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. എത്ര വലിയ സമ്മർദ്ദമുണ്ടായാലും ഇന്ത്യ അതിന്റെ കർഷകർ, ചെറുകിട വ്യവസായികൾ, കടയുടമകൾ, കന്നുകാലി വളർത്തുന്നവർ, സാധാരണ പൗരന്മാർ എന്നിവരുടെ താൽപ്പര്യങ്ങൾക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത് തുടരും.കൂടുതൽ മർദ്ദം പ്രയോഗിക്കുന്തോറും പാറ കൂടുതൽ ശക്തമാകുമെന്ന് നമ്മളെല്ലാവരും ഭൂമിശാസ്ത്രത്തിൽ പഠിക്കുന്നുണ്ട്. ഇന്ത്യയുടെ മേൽ എത്രത്തോളം സമ്മർദ്ദം ചെലുത്തുന്നുവോ അത്രയധികം അത് ശക്തമായ പാറയായി മാറുമെന്ന് ഉറപ്പാണ്.”- രാജ്‌നാഥ് സിങ് പറഞ്ഞു.
ഇന്ത്യ ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഹമ്മദാബാദിൽ നടന്ന ഒരു റാലിയിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ കർഷകർ, വ്യാപാരികൾ, സാധാരണക്കാർ എന്നിവരുടെ താൽപര്യങ്ങൾക്കാണ് തന്റെ സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതേസമയം അമേരിക്കയുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ, ചൈനയുമായി സൗഹൃദം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങൾ ശ്രദ്ധേയമാണ്.

