Monday, May 20, 2024
spot_img

രാമപുരംനാലമ്പല ദര്‍ശനത്തിന്‌ വന്‍ ഭക്‌തജന തിരക്ക്‌; ഭക്‌ത ജനങ്ങള്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്‌ മണിക്കൂറുകള്‍ കാത്ത്‌ നിന്ന്

രാമപുരം: അവധി ദിനമായ ഇന്നലെ നാലമ്പല ദര്‍ശനത്തിന്‌ വന്‍ ഭക്‌തജന തിരക്കായിരുന്നു. വെളുപ്പിന്‌ 4 മണി മുതല്‍ രാമപുരത്തേയ്‌ക്ക് ഭക്‌തജനങ്ങളുടെ പ്രവാഹമായിരുന്നു. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ വെളുപ്പിന്‌ നിര്‍മ്മാല്യ ദര്‍ശനത്തിന്‌ നട തുറന്നപ്പോള്‍ തന്നെ തീര്‍ത്ഥാടകരുടെ നീണ്ട നിര ദൃശ്യമായിരുന്നു. 8 മണിയോടെ ക്ഷേത്ര ഗോപുരവും കഴിഞ്ഞ്‌ മെയിന്‍ റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരത്തോളം ദര്‍ശനത്തിനുള്ള ക്യൂ നീണ്ടു. മണിക്കൂറുകള്‍ കാത്ത്‌ നിന്നാണ്‌ ഭക്‌ത ജനങ്ങള്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്‌. തിരക്ക്‌ മൂലം വൈകിട്ട്‌ 4 മണിയ്‌ക്കാണ്‌ നാല്‌ ക്ഷേത്രങ്ങളിലെയും നട അടച്ചത്‌.

അഞ്ച്‌ മണിക്ക്‌ വീണ്ടും നട തുറന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലും രാവിലെ മുതല്‍ അന്നദാനവുമുണ്ടായിരുന്നു. രാവിലെ 8 മണിക്‌ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍ ദര്‍ശനത്തിനെത്തിയിരുന്നു. ക്ഷേത്രഭാരവാഹികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിനു ശേഷം കൂടപ്പുലം ലക്ഷ്‌മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയാണ്‌ അദ്ദേഹം മടങ്ങിയത്.

Related Articles

Latest Articles