Tuesday, October 20, 2026

തമിഴ്നാട്ടിൽ ഭരണവിരുദ്ധ വികാരം ഉണ്ട്; ബിജെപി വോട്ട് വിഹിതം ഉയർത്തുമെന്നും കെ അണ്ണാമലൈ

കോയമ്പത്തൂർ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വിഹിതം ഉയർത്തുമെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ഡിഎംകെ എല്ലാക്കാലത്തും സ്വയം കെട്ടിപ്പൊക്കിയ ഒരു ലോകത്താണ് ജീവിക്കുന്നത്. ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും അണ്ണാമലൈ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാണ് അണ്ണാമലൈ ഇക്കുറി മത്സരിക്കുന്നത്. ”തമിഴ്‌നാട്ടിൽ വളരെ കൃത്യമായി മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ദ്രാവിഡ പാർട്ടികൾക്ക് 40 ശതമാനത്തോളം വോട്ടു ബാങ്ക് സ്വന്തമായിട്ടുണ്ട്. ബാക്കി 60 ശതമാനവും എവിടേക്ക് വേണമെങ്കിലും ആടിയുലയുന്നതാണ്. ഇത് ആർക്ക് വേണമെങ്കിലും ലഭിക്കാം.

ബിജെപിയെ ഒഴിവാക്കാൻ വേണ്ടി എഐഎഡിഎംകെയും ഡിഎംകെയും പരസ്പരം പ്രചാരണം നടത്തുകയാണ്. ഒരു കൂട്ടർ അടുത്ത കൂട്ടരെ സഹായിച്ച് കൊണ്ടേ ഇരിക്കുകയാണ്. ഒരു ഡിഎംകെ മന്ത്രി അടുത്തിടെ എഐഎഡിഎംകെയോട് കഠിനാധ്വാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ ചെയ്താൽ ബിജെപി രണ്ടാം സ്ഥാനം നേടാതെ ഇരിക്കുമെന്നാണ് ഡിഎംകെ മന്ത്രി പറഞ്ഞത്. തിരുവണ്ണാമലയിൽ ഡിഎംകെ ജയിക്കുമെന്നാണ് ആ മന്ത്രി സ്വയം അവകാശപ്പെടുന്നത്.

വേദിയിൽ നിന്ന് കൊണ്ടാണ് എഐഎഡിഎംകെ നന്നായി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചത്. എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വളരെ നല്ല അവസരമായിട്ടാണ് ബിജെപി കാണുന്നത്. വോട്ട് വിഹിതത്തിന്റെ 20 ശതമാനം നേടാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഒരിക്കലും എത്ര സീറ്റുകൾ നേടുമെന്നത് പറയാനാകില്ല. എങ്കിലും അത് വളരെ നല്ല നേട്ടമായിരിക്കും. സംസ്ഥാനത്ത് പതിയെ മാറ്റം സംഭവിച്ച് വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും” അണ്ണാമലൈ പറഞ്ഞു.

Related Articles

Latest Articles