Thursday, December 18, 2025

പറക്കാൻ അനുമതി ചോദിക്കേണ്ട ആവശ്യമില്ല! ആകാശം ആരുടെയും സ്വന്തമല്ല!- കോൺഗ്രസ് നേതൃത്വത്തിനെ വെട്ടിലാക്കി പരോക്ഷ മറുപടിയുമായി ശശി തരൂർ !

ദില്ലി : കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പരോക്ഷ മറുപടിയുമായി ശശി തരൂർ എംപി. ആകാശം ആരുടെയും സ്വന്തമല്ലെന്നും പറക്കാൻ അനുമതി ചോദിക്കേണ്ടതില്ലെന്നുമുള്ള ചിത്രമാണ് തരൂർ സമൂഹ മാദ്ധ്യമമായ എക്സിൽ പങ്കുവച്ചത്.

ഒരു പക്ഷി മരക്കൊമ്പിലിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍, ‘പറക്കാന്‍ അനുമതി ചോദിക്കേണ്ട ആവശ്യമില്ല. ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആരുടെയും സ്വന്തമല്ല’ എന്നാണ് തരൂര്‍ പങ്കുവെച്ച ട്വീറ്റിലുള്ളത്. ചില ആളുകള്‍ക്ക് മോദിയാണ് പ്രധാനമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി ലൈന്‍ മറികടക്കുന്നുണ്ടോയെന്ന് ഓരോ നേതാവും ആത്മപരിശോധന നടത്തണമെന്നും പറയുന്ന കാര്യങ്ങളില്‍ അവനവന് ബോധ്യമുണ്ടാകണമെന്നും കെ.സി വേണുഗോപാലും നേരത്തെ പ്രതികരിച്ചിരുന്നു.

കോണ്‍ഗ്രസ് നേതൃത്വവും തരൂരുമായുള്ള അഭിപ്രായവ്യത്യാസം പുകയുന്നതിനിടെ കഴിഞ്ഞദിവസം ‘ദ ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തില്‍ മോദിയെ തരൂര്‍ പ്രശംസിച്ചതും കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. മോദിയുടെ ഊര്‍ജവും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും ആഗോളവേദികളില്‍ ഇന്ത്യയുടെ സ്വത്താണ് എന്നായിരുന്നു ‘ദ ഹിന്ദു’വിലെ ലേഖനത്തില്‍ തരൂര്‍ പറഞ്ഞത്. പിന്നാലെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles