Sunday, May 19, 2024
spot_img

വേണം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഈ ഭക്ഷണ ശീലങ്ങള്‍

കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ക്ക് എപ്പോഴും ആശങ്കയാണ്. അവരുടെ ഭക്ഷണത്തില്‍
തുടങ്ങി പഠനത്തിലും ശീലങ്ങളിലും വരെ അതുണ്ടാവും. രോഗ പ്രതിരോധ ശക്തി കൂട്ടുന്നതിനും
ആരോഗ്യകരമായ ഭാവിക്കും നല്ല ജീവിത ശൈലി ചെറുപ്പം മുതല്‍ വേണം. രക്ഷിതാക്കളെ അനുകരിക്കുന്നവരാണ്കുട്ടികള്‍. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ ആവണം കുട്ടികള്‍ക്ക് മാതൃകയാവേണ്ടത്

പോഷകഗുണങ്ങളുള്ള ഭക്ഷണം കുട്ടികളുടെ ശാരീരകവും മാനസികവുമായ വളര്‍ച്ച് അത്യാവശ്യമാണ്.
ഒരേ ഭക്ഷണം തുടര്‍ച്ചയായി നല്‍കാതെ, മാറി മാറി നല്‍കുന്നതാവും കുട്ടികള്‍ക്കിഷ്ടം.
ജങ്ക് ഫുഡ് ആണ് ഇന്നത്തെക്കാലത്ത് ഏറ്റവും വലിയ വില്ലന്‍. ജങ്ക് ഫുഡ് കുറച്ചുകൊണ്ടുള്ള ഭക്ഷണ ശീലങ്ങള്‍ തന്നെയാണ് എപ്പോഴും നല്ലത്. അമിത വണ്ണത്തിന് ഇടയാക്കുന്നതും അനാരോഗ്യകരവുമായ ഭക്ഷ്യവസ്തുക്കള്‍ മുതിര്‍ന്നവര്‍ തന്നെ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്.

ബിസ്‌കറ്റ് ഉള്‍പ്പടെ ബേക്കറി പലഹാരങ്ങള്‍ രുചി മൂലം കുട്ടികളെ ആകര്‍ഷിക്കാം. എന്നാല്‍ ശരീരത്തിന് വലിയഗുണമൊന്നും കിട്ടാനില്ല. വല്ലപ്പോഴും മാത്രമേ നല്‍കാവൂ. ബേക്കറി വസ്തുക്കള്‍ അമിതമായി കഴിച്ചാല്‍ വിശപ്പുകെടും.അതിനാല്‍ മറ്റ് ആഹാരം അവര്‍ ഒഴിവാക്കും. ഇതുമൂലം വിളര്‍ച്ചയുള്‍പ്പടെ അസുഖങ്ങള്‍ ഉണ്ടാകും. ഇതു കൂടാതെ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റിവുകളും പാര്‍ശ്വഫലങ്ങളും ഉണ്ടാക്കും.

ഇലക്കറികളും പഴങ്ങളും പച്ചക്കറികളും നിത്യേന കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇരുമ്പ്, കാത്സ്യം,നാരുകള്‍, വിറ്രാമിന്‍ സി, ഒമേഗ 3, ഫാറ്റി ആസിഡുകള്‍ തുടങ്ങിയവയുടെ കലവറയാണ് ഇലക്കറികള്‍. പച്ചക്കറികളിലും,പഴവര്‍ഗ്ഗങ്ങളിലും അടങ്ങിയ പോഷക ഗുണങ്ങള്‍ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും വളര്‍ച്ചക്കും ഓര്‍മ ശക്തിക്കും അനിവാര്യമാണ്. ഇടനേരങ്ങളില്‍ ഒരു കപ്പ് പച്ചക്കറി സാലഡ് നല്‍കാം. വെള്ളരിക്ക ,തക്കാളി, കാരറ്റ് എന്നിവ നാരങ്ങ നീര് ചേര്‍ത്ത് നല്‍കാം.
പേരക്ക, പപ്പായ, ചെറുപഴം തുടങ്ങിയവ ഏതെങ്കിലും പ്രഭാത ഭക്ഷണത്തിനൊപ്പം നല്‍കാം. ശര്‍ക്കര ചേര്‍ത്ത റാഗിയോ അടയോ എള്ളുണ്ട,നിലക്കടല ഈത്തപ്പഴവും തുടങ്ങിയവയും വൈകീട്ട് നല്‍കുന്നത് നല്ലതാണ്.

ഒപ്പം ഒരു വയസ്സ് കഴിഞ്ഞാല്‍ മീന്‍ വേവിച്ച് നല്‍കാം. ഇതില്‍ ധാരാളം പ്രോട്ടീനും ധാതു ലവണങ്ങളും
അടങ്ങിയിരിക്കുന്നു. ഇറച്ചിയും നന്നായി വേവിച്ച് വേണം നല്‍കണം. മുട്ട അലര്‍ജിയുണ്ടാക്കുന്നുണ്ടോ എന്ന് നോക്കി വേണം നല്‍കാന്‍. വളരുന്ന കുട്ടികളില്‍ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് കാല്‍സ്യം അനിവാര്യമാണ്. ദിവസവും ഒരു ഗ്ലാസ്പാല് എങ്കിലും നല്‍കണം. പാല്‍ ഇഷ്ടമില്ലാത്തവര്‍ക്ക് തൈര്, മോര്, നട്‌സ് ഇട്ട ഷേയ്ക്ക് തുടങ്ങിയ രൂപങ്ങളിലും നല്‍കാം.ഉച്ചഭക്ഷണത്തില്‍ പയറുവര്‍ഗങ്ങള്‍ ഉറപ്പുവരുത്തണം. മുളപ്പിച്ച പയര്‍, സോയാബീന്‍, കടല എന്നിവ നല്‍കണം.

ഭക്ഷണത്തോടൊപ്പം എട്ട് മുതല്‍ 10 ഗ്ലാസ് വരെ വെള്ളം നിര്‍ബന്ധമായും കുടിപ്പിക്കണം. ദഹന ശക്തിക്കും
ത്വക്കിന്റെ ആരോഗ്യത്തിനും ഇത് നിര്‍ബന്ധമാണ്. കുട്ടികളിലെ വിശപ്പില്ലായ്മയാണ് രക്ഷിതാക്കളുടെ മറ്റൊരു പ്രധാന പരാതി.
ശരീരം അനങ്ങിയുള്ള കളികള്‍ക്ക് കുട്ടികളെ പ്രേരിപ്പിക്കണം. നീന്തല്‍, നടത്തം, ഓട്ടം, സൈക്ലിങ്, സ്‌കിപ്പിങ്, ഡാന്‍സിങ് തുടങ്ങിയവ
എല്ലാം നല്ല വ്യായാമ ശീലങ്ങളാണ്.

Related Articles

Latest Articles