Sunday, May 19, 2024
spot_img

5 ലക്ഷം കോടി കടബാധ്യതയെ ആത്മവിശ്വാസം കൊണ്ട് നേരിട്ടു; ഇയാള്‍ ലോകത്തെ ഏറ്റവും വലിയ നിക്ഷേപകനായത് എങ്ങിനെ?

അതി സാധാരണമായ സംരംഭക വിജയകഥയാണിത്, ഉദ്വേഗജനകവും. ഇന്ന് ലോകത്തെ ഏറ്റവും ശക്തനായ നിക്ഷേപകന്റെ കഥ. ജാപ്പനീസ് സംരംഭകനായ മസയോഷി സണിന്റെ വീരചരിതം. ഫ്‌ളിപ്കാര്‍ട്ടടക്കമുള്ള ഇന്ത്യന്‍ കമ്പനികളിലെ സജീവസാന്നിധ്യമായിരുന്നു ഇദ്ദേഹം. അമേരിക്കയിലെ ഉബര്‍ മുതല്‍ അങ്ങ് ചൈനയിലെ ആലിബാബയും ദിദി ചക്‌സിംഗും വരെ നൂറുകണക്കിന് സംരംഭങ്ങളില്‍ കാര്യമായ പണം മുടക്കി, അവയുടെ ഗതി നിര്‍ണയിക്കുന്ന നിക്ഷേപകന്‍. ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സംരംഭമായ വിഷന്‍ ഫണ്ടിന്റെ അധിപന്‍. 100 ബില്ല്യണ്‍ ഡോളര്‍ ആണ് ഫണ്ടിന്റെ നിക്ഷേപക തുക എന്നുകൂടി അറിയുക.

ആരാണിയാള്‍?

1970കളുടെ തുടക്കത്തില്‍ ഒരു പതിനാറുകാരന്‍ പയ്യന്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലേക്ക് കുടിയേറി. അവിടുത്തെ ഒരു കമ്യൂണിറ്റി കോളെജില്‍ രണ്ട് വര്‍ഷം പഠിച്ചു കൊറിയന്‍ പാരമ്പര്യമുള്ള ജപ്പാന്‍കാരനായ സണ്‍. പിന്നീടാണ് ബെര്‍ക്കലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്ന് ഇക്കണോമിക്‌സിലും കംപ്യൂട്ടര്‍ സയന്‍സിലും ബിരുദം നേടിയത്. എന്നാല്‍ 19ാം വയസ്സില്‍ തന്നെ സംരംഭകനായി.

പഠിച്ച കാര്യങ്ങളുടെ ബലത്തില്‍ ഒരു ഇലക്ട്രോണിക് ട്രാന്‍സ്ലേറ്റര്‍ വികസിപ്പിച്ചെടുത്തു സണ്‍. ശേഷം അന്നത്തെ ടെക്‌നോളജി ഭീമനായിരുന്ന ഷാര്‍പ്പ് കോര്‍പ്പറേഷന് വിറ്റു, 1.7 മില്ല്യണ്‍ ഡോളറിന്. ആ പണം എന്തുചെയ്‌തെന്നല്ലേ? ഒരു പൈസ പോലും വെറുതെ കളയാതെ സ്വന്തമായി ഒരു സംരംഭം തുടങ്ങി, 1981ല്‍. അതാണ് ഇന്ന് ജപ്പാനിലെ ഓരോ കുടുംബത്തിലെയും ആഗോള സംരംഭക രംഗത്തെയും സുപരിചിത ബ്രാന്‍ഡായ സോഫ്റ്റ്ബാങ്ക്.

പഠിച്ചത് കംപ്യൂട്ടര്‍ സയന്‍സായതിനാല്‍ ഇന്റര്‍നെറ്റ്, ടെക്‌നോളജി അധിഷ്ഠിത സംരംഭങ്ങളോടായിരുന്നു സണിന് എന്നും താല്‍പ്പര്യം. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റിലെ പഴയകാല സെന്‍സേഷനായിരുന്ന യാഹുവിലെ പ്രാരംഭഘട്ട നിക്ഷേപകനായിരുന്നു സണ്‍. ചൈനയിലെ ഒരു ചെറിയ, തീരെ അറിയപ്പെടാത്ത ഇ-കൊമേഴ്‌സ് സംരംഭമായിരുന്ന ആലിബാബയിലും ഓഹരിയെടുത്തു സണ്‍. അന്ന് ജാക് മാ എന്ന ഇംഗ്ലീഷ് ടീച്ചറുടെ സംരംഭത്തില്‍ സണ്‍ മുടക്കിയത് 20 മില്ല്യണ്‍ ഡോളറാണ്. കൂടെയുള്ളവര്‍ എല്ലാം കളിയാക്കി, ഇയാള്‍ക്കെന്താ വട്ടാണോയെന്ന് ചോദിച്ചു. എന്നാല്‍ ആ അറിയപ്പെടാത്ത സംരംഭം ഇന്ന് ലോകത്തെ ഇ-കൊമേഴ്‌സ് ഭീമനായി മാറി.

തകര്‍ച്ചയുടെ കാലം

2001ലെ ഡോട്‌കോം തകര്‍ച്ചയില്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് പാപ്പരാകുന്നതിന്റെ വക്കിലെത്തി. കമ്പനിയുടെ 99 ശതമാനം ഇടപാടുകളും തകര്‍ന്നു. കമ്പനിക്ക് നഷ്ടം വന്നത് ഏകദേശം 5 ലക്ഷം കോടി രൂപയാണ്. എന്നാല്‍ ആലിബാബയില്‍ നിക്ഷേപിച്ച ആ തുക രക്ഷയ്‌ക്കെത്തി. ജാക് മായുടെ കമ്പനി വളര്‍ന്നു, അതിവേഗം. സണ്ണിന്റെ നിക്ഷേപത്തിന്റെ മൂല്യവും കൂടി. അന്ന് 20 മില്ല്യണ്‍ ഡോളറുണ്ടായിരുന്നത് ഇന്ന് 140 ബില്ല്യണ്‍ ഡോളര്‍ എന്ന മാന്ത്രിക സംഖ്യയായി മാറി.

ആ തിരിച്ചടിയില്‍ നിന്നും കരകയറിയ ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്. മൊബൈലും ഇന്റര്‍നെറ്റും എല്ലാമായി നിറഞ്ഞാടി. ലോകം മുഴുവനുമുള്ള ടെക്‌നോളജി സംരംഭങ്ങളില്‍ നിക്ഷേപിക്കാന്‍ പറന്ന് നടന്നു സണ്‍. പേടിഎം, ഒയോ റൂംസ്, വീ വര്‍ക്ക്, ഉബര്‍, ബ്രെയ്ന്‍ കോര്‍പ്പ് തുടങ്ങി നൂറുകണക്കിന് സംരംഭങ്ങളില്‍ സണ്ണിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സംരംഭകലോകത്തെ നല്ലൊരു ശതമാനം സ്റ്റാര്‍ട്ടപ്പുകളിലും അദ്ദേഹത്തിന്റെ പണമെത്തുന്നുവെന്നര്‍ത്ഥം

Related Articles

Latest Articles