Wednesday, May 29, 2024
spot_img

ഗാന്ധിനഗര്‍ – മുംബൈ വന്ദേഭാരത് എക്‌സ്പ്രസ്; ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; 140 സെക്കന്‍ഡുകള്‍കൊണ്ട് തീവണ്ടി മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിൽ

അഹമ്മദാബാദ് : ഗാന്ധിനഗര്‍ – മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഗാന്ധിനഗര്‍ ക്യാപിറ്റല്‍ റെയില്‍വെ സ്റ്റേഷനില്‍വച്ച് സെമി ഹൈസ്പീഡ് ട്രെയിനിന് പച്ചക്കൊടി കാട്ടിയ പ്രധാനമന്ത്രി തീവണ്ടിയില്‍ യാത്ര നടത്തുകയും ചെയ്തു. ഇന്ത്യയിലെ മൂന്നാമത്തെ വന്ദേ ഭാരത് തീവണ്ടി സര്‍വീസിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസില്‍ ഒരു തവണ യാത്രചെയ്താല്‍ പതിവായി വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ പോലും പിന്നീട് യാത്രചെയ്യുന്നതിനായി വന്ദേ ഭാരത് എക്‌സ്പ്രസ് തിരഞ്ഞെടുക്കുമെന്ന് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

‘വിമാനത്തിന് ഉള്ളിലേതിനെക്കാള്‍ ശബ്ദം കുറവാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉള്‍വശത്ത്. രാജ്യത്തെ രണ്ട് വന്‍ നഗരങ്ങള്‍ക്കിടയിലുള്ള യാത്ര ഇനി കൂടുതല്‍ എളുപ്പമാകും. നഗരങ്ങളെത്തമ്മില്‍ ബന്ധിപ്പിക്കുന്നതിനും സ്വാശ്രയമാകുന്നതിനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളിലെ വന്‍ ചുവടുവെപ്പാണ് വന്ദേ ഭാരത് എക്‌സ്പ്രസ്’ – പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ന്യൂഡല്‍ഹി – വാരണാസി റൂട്ടിലും രണ്ടാമത്തേത് ന്യൂഡല്‍ഹി – ശ്രീമാതാ വൈഷ്‌ണോദേവി കത്ര റൂട്ടിലുമായിരുന്നു. മൂന്നാമത്തേതാണ് ഗാന്ധിനഗര്‍ – മുംബൈ വന്ദേഭാരത് ട്രെയിന്‍. വിമാനത്തിലേതിന് സമാനമായ സുഖസൗകര്യങ്ങളാണ് വന്ദേഭാരത് ട്രെയന്‍ വാഗ്ദാനം ചെയ്യുന്നത്. തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനായി തദ്ദേശീയമായ വികസിപ്പിച്ചെടുത്ത കവച് സാങ്കേതികവിദ്യയും പ്രത്യേകതയാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ ഗാന്ധിനഗര്‍ – മുംബൈ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങും. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തീവണ്ടി ഓടും. മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍നിന്ന് രാവിലെ 6.10-ന് പുറപ്പെടുന്ന ട്രെയിന്‍ 12.30 ന് ഗാന്ധിനഗറിലെത്തും. ഉച്ചയ്ക്ക് 2.05ന് ഗാന്ധിനഗറില്‍നിന്ന് പുറപ്പെട്ട് രാത്രി 8.35-ന് മുംബൈ സെന്‍ട്രലിലെത്തും.

Related Articles

Latest Articles