Saturday, December 13, 2025

സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ച്‌ 13കാരന് ദാരുണാന്ത്യം

എടപ്പാൾ: സൈക്കിൾ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് 13 കാരന് ദാരുണാന്ത്യം. ചങ്ങരംകുളം ചിയ്യാനൂര്‍ താമസിക്കുന്ന കറുകത്തൂര്‍ ചെട്ടിപ്പടി സ്വദേശി മൂര്‍ക്കത്ത് ശ്രീനിവാസന്റെ മകന്‍ അഭിജിത്താണ് മരിച്ചത്. ഇന്നലെ വൈകിയിട്ടായിരുന്നു സംഭവം.

ചാലിശ്ശേരി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്ത് സ്കൂളിൽ നിന്ന് യൂണിഫോം വാങ്ങുന്നതിനാണ് വീട്ടിൽ നിന്ന് സൈക്കിളിൽ പുറപ്പെട്ടത്. തുടർന്ന് താടിപ്പടിയിലെ യൂറോടെക്ക് ഗോഡൗണിന് സമീപത്തെ റോഡിലെ ഇറക്കവും വളവും വരുന്ന ഭാഗത്ത് നിയന്ത്രണം വിട്ട് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ച്‌ വീണ അഭിജിത്തിന് തലക്ക് പരിക്കേറ്റിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ചങ്ങരംകുളം മദര്‍ ഹോസ്പിറ്റലിലെ ജീവനക്കാരി രനിതയാണ് മാതാവ്. അഭിനവ് സഹോദരനാണ്. ഗള്‍ഫിലായിരുന്ന പിതാവ് അടുത്ത ദിവസം നാട്ടില്‍ വരാനിക്കുകയായിരുന്നു. അഭിജിത്തിന്റെ മരണ വിവരം അറിഞ്ഞ് ശ്രീനിവാസന്‍ നാട്ടിലേക്ക് തിരിച്ചു. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

Related Articles

Latest Articles