Saturday, May 18, 2024
spot_img

വീണ്ടും കോവിഡ് പ്രോട്ടോകോൾ ലംഘനം; ഗുരുതര വീഴ്ച വരുത്തിയ പോത്തീസിന്റെ ലൈസൻസ് റദ്ദാക്കി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് റദ്ദാക്കി നഗരസഭ . തിരുവനന്തപുരം നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ റദ്ദാക്കൽ നടപടി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലൂടെ പൊതുജനത്തെ വസ്ത്രശാലയിലേക്ക് പ്രവേശിപ്പിച്ചു കച്ചവടം നടത്തിയതായി ആരോഗ്യവിഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ നടപടിയെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നഗരസഭ ആരോഗ്യവിഭാഗം പൊലീസിന്റെ സഹായത്തോടെ പോത്തീസില്‍ പരിശോധന നടത്തിയത്. 1994ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്.

അതേസമയം കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരസഭയും സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനങ്ങളോട് വ്യാപാരസമൂഹം സഹകരിക്കണമെന്ന് മേയര്‍ ആര്യരാജേന്ദ്രൻ അഭ്യര്‍ത്ഥിച്ചു. മുൻപും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സംഭവത്തില്‍ പോത്തീസിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പിഴ അടച്ച ശേഷമാണ് സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles