Wednesday, May 15, 2024
spot_img

5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ ഇൻഷുറൻസ്; മഹാമാരിയിൽ അനാഥരായ കുരുന്നുകളെ ചേർത്തുപിടിച്ച് കേന്ദ്ര സർക്കാർ

ദില്ലി: കോവിഡ് കാരണം അനാഥരായ കുട്ടികള്‍ക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ 18 വയസിന് താഴെയുള്ള അനാഥരായ കുട്ടികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം.

ആയുഷ്മാന്‍ ഭാരത് മുഖേന 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് നൽകുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പദ്ധതി പ്രകാരമുള്ള പ്രീമിയം തുക അനുവദിക്കുകയെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം രാജ്യത്തുടനീളം നിരവധി കുടുംബങ്ങളെയാണ് തകർത്തത്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ മെയ് 29ന് കുട്ടികള്‍ക്കായുള്ള ദുരിതാശ്വാസ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 2020 മാര്‍ച്ച് 11 മുതല്‍ കൊറോണ മൂലം ജീവഹാനി സംഭവിച്ച മാതാപിതാക്കളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശം. ഇതുപ്രകാരം അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കൂടാതെ 23 വയസുവരെയുള്ള കാലയളവില്‍ സാമ്പത്തിക സാഹായമായി 10 ലക്ഷം രൂപയും അനുവദിക്കും.

അതേസമയം ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ജൂൺ 5ന്‌ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം അനുസരിച്ച്, രാജ്യത്ത് കോവിഡ് മഹാമാരിക്കിടെ 3,500ൽ അധികം കുട്ടികൾക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. കൂടാതെ, 26,000 ത്തോളം കുട്ടികൾക്ക് രക്ഷകർത്താക്കളിൽ ഒരാളെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles