Friday, March 29, 2024
spot_img

തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്!!

തിരുവനന്തപുരത്തിന് ഒരു പ്രത്യേകതയുണ്ട്.. ഒരു നഗരത്തിന്റെ എല്ലാ തിരക്കുകളും ഈ തലസ്ഥാന നഗരത്തിൽ കാണാമെങ്കിലും അതിന്റെയൊന്നും ഒരു ബഹളവും തിരക്കും ഈ നാടിനില്ല. പൂവാറും പൊന്മുടിയും ബോണാക്കാടും അഗസ്ത്യാർകൂടവും ഒക്കെ തേടി സഞ്ചാരികൾ ഇവിടേക്ക് വീണ്ടും വീണ്ടും കയറുമ്പോള്‍ അറിയപ്പെടാത്ത ഇടങ്ങൾ ഏറെയുണ്ട് എന്നത് മറക്കരുത്. പുറംനാട്ടുകാർക്ക് അന്യമായ, പ്രദേശവാസികളുടെ വാക്കുകളിലൂടെ മാത്രം അറിയപ്പെടുന്ന നൂറുകണക്കിനിടങ്ങൾ. അവയിൽ പലതും ഒരുക്കിയിരിക്കുന്ന കാഴ്ചകൾക്കും അതിശയങ്ങൾക്കും ഒരു കയ്യും കണക്കുമുണ്ടാവില്ല. അത്തരത്തിലൊരിടമാണ് ദ്രവ്യപ്പാറ. അമ്പൂരിയെന്ന ഗ്രാമത്തോട് ചേർന്നു കിടക്കുന്ന ഇവിടം അധികമാരുടെയും കണ്ണിൽപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും കഥകളുറങ്ങുന്ന ദ്രവ്യപ്പാറയുടെ വിശേഷങ്ങളിലേക്ക്


പഴമയുടെ കഥകളും കെട്ടുപിണഞ്ഞു കിടക്കുന്ന മിത്തുകളും ഒക്കെയായി തലയുയർത്തി നിൽക്കുന്ന നാടാണ് ദ്രവ്യപ്പാറ. ഒരിക്കൽ ഇവിടെ എത്തിയാൽ തിരികേ പോകണമോ എന്നു നൂറുവട്ടം ചിന്തിപ്പിക്കുന്ന ഈ നാട് അമ്പൂരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. അമ്പൂരിയുടെ വ്യൂ പോയിന്റ് എന്നാണ് ഇവിടം അറിയപ്പെടുന്നത്.
അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളിൽ ‍ സമുദ്ര നിരപ്പിൽ നിന്നും 1500 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറയിൽ ഏതൊരു സാഹസികനെയും ആകർഷിക്കുന്ന കാര്യങ്ങളുണ്ട്. മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിച്ചു എന്നു കരുതപ്പെടുന്ന ഇടവും ആദിവാസികളുടെ ഗുഹാ ക്ഷേത്രവും മലയുടെ മുകളിലെ കാഴ്ചകളും ആണ് ഇവിടുത്തെ പ്രത്യേകതകൾ.


മാർത്താൺ വർമ്മ ഒളിച്ചു താമസിച്ച ഇടമെന്ന വിശേഷണവും ദ്രവ്യപ്പാറയ്ക്കുണ്ട്. എട്ടു വീട്ടിൽ പിള്ളമ്മാരിൽ നിന്നും രക്ഷപെടാനായി ഒളിസങ്കേതമായി അദ്ദേഹം തിരഞ്ഞെടുത്തത് ദ്രവ്യപ്പാറയെയാണത്രെ. പാറകളിൽ ചവിട്ടി മാത്രം എത്തിച്ചേരുവാൻ പറ്റിയ ഇവിടെ മാർത്താണ്ഡ വർമ്മയെ മലമുകളിൽ എത്തിക്കുന്നിനായി ആദിവാസികൾ പാറയിൽ പടികൾ കൊത്തിയത്രെ. അന്ന അവർ കൊത്തിയ 101 പടികളിൽ 72 എണ്ണം ഇന്നും നിലനിൽക്കുന്നു. ഇതിൽ ചവിട്ടിയാണ് സഞ്ചാരികൾ ദ്രവ്യപ്പാറയുടെ മുകളില്‍ എത്തിച്ചേരുന്നത്.


തന്നെ സഹായിച്ച ആദിവാസികളെ മാർത്താണ്ഡ വർമ്മ സഹായിക്കുവാൻ മറന്നില്ല എന്നാണ് പഴമക്കാർ പറയുന്നത്. അവർക്ക് ദ്രവ്യപ്പാറയോട് ചേർന്ന് മാർത്താണ്ഡ വർമ്മ 1001 പറ നിലം കരം ഒഴിവാക്കി പതിച്ചു നല്കിയത്രെ. ഇന്ന് അതൊന്നും ഇവിടെ കാണാനില്ലെങ്കിലും കഥകൾക്കൊന്നും ഒരു പഞ്ഞവുമില്ല. രാജാവ് നല്കിയ ഭൂമിയിൽ അവർ പ്രത്യേകതരം വിത്താണ് കൃഷി ചെയ്തിരുന്നത്. രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്ത് നടത്തുവാൻ പറ്റുന്ന രീതിയിലുള്ള ഇത് അരിയാക്കി അത് പിന്നീട് പായസമാക്കി അവര്‍ ഇവിടുത്തെ ഗുഹാ ക്ഷേത്രത്തിൽ നിവേദിച്ചിരുന്നുവെന്നും കഥകളുണ്ട്.
അന്ന് നട്ട് അതേ ദിവസം തന്നെ അരിയാക്കി മാറുന്നതിനാൽ അന്നൂരി എന്നും ഇവിടം അറിപ്പെടുന്നു. അതാണ് പിന്നാട് അമ്പൂരി ആയതെന്നും ഒരപ ഐതിഹ്യമുണ്ട്.


വിശ്വാസികൾക്ക് അമ്പരപ്പും സഞ്ചാരികൾക്ക് അതിശയവും സമ്മാനിക്കുന്ന ഒന്നാണ് ദ്രവ്യപ്പാറ ഗുഹാ ക്ഷേത്രം. കഥകളാലും നിഗൂഢതകളാലും ഒക്കെ സമ്പന്നമാണ് ഇവിടം. ദക്ഷിണ ഭാരതത്തിലെ ഏകപ്രകൃതി ദത്ത ശിവലിംഗ രൂപം ഇവിടെയാണത്രെ ഉള്ളത്. കൂടാതെ തമിഴ്നാട്ടിലെയും കേരളത്തിലെയും 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായും ഇതിനെ കരുതിപ്പോരുന്നു. ഇവിടെ എത്തി പ്രാര്‍ഥനകളും പൂജകളും കഴിപ്പിക്കുന്നത് പുണ്യ പ്രവർത്തിയായാണ് വിശ്വാസികൾ കരുതുന്നത്.


വിശ്വാസത്തിലും കഥകളിലും മാത്രമല്ല, ഇവിടം പ്രസിദ്ധം. സമ്പന്നമായ ഈ ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ദക്ഷിണാമൂർത്തി വിഗ്രഹങ്ങളും പാത്രങ്ങളും നിലവിളക്കുകളും ഒക്കെയുണ്ട്. എന്നാൽ ഈ ക്ഷേത്രം താഴിട്ട് പൂട്ടി സൂക്ഷിക്കാറില്ല എന്നു മാത്രമല്ല, സംരക്ഷിക്കുവാൻ കാവൽക്കാർ പോലുമില്ല. ആരും ഒന്നും ഇവിടെ നിന്നും എടുക്കാറില്ല എന്നതിനാലാണ് ഇങ്ങനെ. സർക്കാർ ഉടമസ്ഥതയിലാണ് ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്.
143 ശിവക്ഷേത്രങ്ങളുടെ മൂല സ്ഥാനമായ ഇവിടെ ശിവരാത്രി നാളുകളിലാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. അന്നേ ദിവസം ഇവിടെ എത്തുന്ന വിശ്വാസികൾ ഇവിടുത്തെ ദക്ഷിണാമൂർത്തി ഗുഹാ ക്ഷേത്രത്തിലേക്ക് തീർഥാടന യാത്രയും നടത്തുവാറുണ്ട്.


ദ്രവ്യപ്പാറയുടെ മുകളിൽ നിന്നുള്ള കാഴ്ചകളാണ് ഇവിടുത്തെ അടുത്ത ആകർഷണം. ശംഖുമുഖം കടൽത്തീരവും കപ്പലുകൾ പോകുന്നതും തിരുവനന്തപുരം വിമാനത്താവളവും ഒക്കെ കാണാൻ സാധിക്കും.
അമ്പൂരിയ്ക്ക് സമീപത്തുള്ള മറ്റൊരു സ്ഥലമാണ് കാളിമല. മലകയറ്റത്തിൽ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടമാണിത്. ബഹളങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നും ഒക്കെ മാറി ക്യാംപിങ്ങിനും ട്രക്കിങ്ങിനും ഒക്കെ പറ്റിയ ഇടം കൂടിയാണിത്.


വൈവിധ്യങ്ങൾ കൊണ്ട് ഏതൊരു സഞ്ചാരിയെയും ആകർഷിക്കുവാൻ കഴിയുന്ന നാടാണ് അമ്പൂരി. മാർത്താണ്ഡ വർമ്മ രാജാവിന്റെ വില്ലളികളിൽ പ്രമുഖനായിരുന്നുവത്രെ ചടച്ചി മാർത്താണ്ഡൻപിള്ള. ഒരിക്കൽ ഒറ്റശേഖരമംഗലത്തു നിന്നും അദ്ദേഹം ഒരിക്കൽ ഒരു അമ്പെയ്ത്തു മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. അതിൽ അദ്ദേഹം എയ്ത അമ്പ് കുറേ അകലെയുള്ള ഒരു മരത്തിൽ തറച്ചു. അങ്ങനെ അത് ഊരിടെയുത്ത് ആ മരത്തിൽ പ്രത്യേക അടയാളം സ്ഥാപിച്ചു. അങ്ങനെ അമ്പൂരിയ സ്ഥലമാണ് അമ്പൂരി എന്നറിയപ്പെടുന്നത് എന്നാണ് കഥ.
അമ്പൂരിയെ ചുറ്റിയൊഴുകുന്ന നെയ്യാറാണ് ഇവിടുത്തെ കാഴ്ച. തിരുവനന്തരപുരത്തു നിന്നും ഒരൊറ്റ ദിവസത്തെ യാത്രയ്ക്ക് ധൈര്യമായി തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടം കൂടിയാണ്.

Related Articles

Latest Articles