Monday, May 20, 2024
spot_img

പ്രളയം മനുഷ്യ നിർമ്മിതമെന്ന് അമിക്കസ്‌ക്യൂറി റിപ്പോർട്ട്‌: കുറ്റക്കാര്‍ക്കെതിരേ കൊലപാതകക്കുറ്റത്തിനു കേസെടുക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

കോട്ടയം: കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മിതംതന്നെയെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ കുറ്റക്കാര്‍ക്കെതിരേ കൊലപാതകക്കുറ്റത്തിനു കേസെടുക്കണമെന്നു ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടെന്നും ഡാമുകള്‍ തുറക്കുന്നതില്‍ മാനദണ്ഡം പാലിച്ചില്ലെന്നും ഡാം സേഫ്‌റ്റി അതോറിറ്റിയുടെ നിബന്ധനകള്‍ പാലിച്ചില്ലെന്നുമാണ്‌ അമിക്കസ്‌ ക്യൂറി കണ്ടെത്തിയത്‌. അതിനാല്‍ മനുഷ്യനിര്‍മ്മിത പ്രളയത്തിന്‌ ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

ഉത്തരവാദിത്വമില്ലാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണു കെ.എസ്‌.ഇ.ബി. ഉദ്യോഗസ്‌ഥരും മന്ത്രിയും സര്‍ക്കാരും പ്രവര്‍ത്തിച്ചതെന്നു വ്യക്‌തമാണ്‌.
ഉത്തരവാദിത്വത്തില്‍നിന്ന്‌ ഒളിച്ചോടാന്‍ ഉദ്യോഗസ്‌ഥര്‍ക്കും മന്ത്രിക്കും കഴിയില്ല. പാപഭാരം ഉദ്യോഗസ്‌ഥരുടെ തലയില്‍ കെട്ടിവച്ചു കൈയൊഴിയാന്‍ സര്‍ക്കാരിനാവില്ല. സമയത്തു സര്‍ക്കാര്‍ പ്രവര്‍ത്തിക്കാത്തതിന്റെ ആഘാതമാണ്‌ ജനങ്ങള്‍ അനുഭവിച്ചത്‌. സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ്‌ അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്‌.

പ്രളയം മനുഷ്യനിര്‍മ്മിതമെന്ന്‌ യു.ഡി.എഫ്‌. പറഞ്ഞതു ശരിയാണെന്നു വ്യക്‌തമായിരിക്കയാണ്‌. പ്രളയദുരിതാശ്വാസത്തിനായി കിട്ടിയ 7500 കോടി രൂപയില്‍ 5500 കോടി ചെലവഴിക്കാതെ വച്ചിരിക്കയാണ്‌. ചോദ്യങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുമാറി മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറുന്ന മന്ത്രി എം.എം. മണി നാട്ടുഗുണ്ടയെ പോലെയാണ്‌ പെരുമാറുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Related Articles

Latest Articles