ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തികഞ്ഞ വിജയപ്രതീക്ഷയോടെ നേരിടുന്ന ബിജെപിയുടെ ആദ്യ പട്ടിക പുറത്തുവിട്ടപ്പോൾ തെളിയുന്നത് സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിൽ കാണിച്ച കരുതലാണ് . 195 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളിൽ മുതിർന്ന നേതാക്കൾ, പുതുമുഖങ്ങൾ, സാമൂഹ്യ സമവാക്യങ്ങൾ, ജാതി, ലിംഗം എല്ലാം വ്യക്തമായി പരിഗണിക്കപ്പെടുന്നു.
ജാതി സെൻസെസ് ഉൾപ്പെടെ ഉയർത്തിക്കാട്ടി കോൺഗ്രസ് പ്രചാരണം മുന്നോട്ട് വയ്ക്കുമ്പോൾ അതിനെ കണക്കുകളും പ്രാതിനിധ്യവും നിരത്തി നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്. 2009 ന് മുൻപ് ബിജെപിയുടെ ദേശീയ മുഖമായിരുന്ന നേതാക്കളിൽ മുതിർന്ന നേതാവ് രാജ്‌നാഥ് സിങ് മാത്രമാണ് ഇത്തവണ ആദ്യ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ലഖ്‌നൗ സീറ്റിൽ നിന്നും അദ്ദേഹം വീണ്ടും ജനവിധി തേടുന്നു. അന്തരിച്ച മുതിർന്ന നേതാവ് സുഷമ സ്വരാജിന്റെ മകൾ ബൻസൂരി സ്വരാജ് തന്റെ ആദ്യ രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങുമ്പോൾ തലമുറമാറ്റം കൂടിയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. നിലവിൽ മീനാക്ഷി ലേഖിയുടെ മണ്ഡലമായ ന്യൂഡൽഹിയിൽ നിന്നാണ് ബൻസൂരി മത്സരിക്കുന്നത്.
കേരളത്തിലെ സ്ഥാനാർഥി പട്ടികയിലും ഈ തിരഞ്ഞെടുപ്പ് പ്രകടമാണ്. ശോഭ സുരേന്ദ്രനും എംടി രമേശും യഥാക്രമം ആലപ്പുഴയിലും കോഴിക്കോടും സ്ഥാനാർത്ഥിയാകുന്നു. പ്രഖ്യാപിച്ച 12 സീറ്റുകളിലെ സ്ഥാനാർഥികളിൽ മൂന്ന് പേർ സ്ത്രീകൾ. കാസർഗോഡും പൊന്നാനിയുമാണ് വനിതാ സ്ഥാനാർഥികൾക്കായി നീക്കിവച്ചിരിക്കുന്നത്. യുവാക്കളുടെ പ്രതിനിധികളായി പ്രഫൂൽ കൃഷ്ണയും അനിൽ ആന്റണിയും വടകരയിലും പത്തനംതിട്ടയിലും മത്സരിക്കുന്നു. അനിൽ ആന്റണി, സി രഘുനാഥ് ( കണ്ണൂർ), ഡോ. അബ്ദുൾ സലാം ( മലപ്പുറം) എന്നിവരുടെ സ്ഥാനാർഥിത്വത്തിലൂടെ കൂടെ വരുന്നവരെ കൈവിടില്ലെന്ന സൂചനകൂടിയാണ് ബിജെപി നൽകുന്നത്. തൃശൂരിൽ സുരേഷ് ഗോപി നേരത്തെ തന്നെ സീറ്റുറപ്പിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ വി മുരളീധരനും (ആറ്റിങ്ങൽ), രാജീവ് ചന്ദ്രശേഖർ (തിരുവനന്തപുരം) എന്നിവരും കളത്തിലിറങ്ങുമ്പോൾ കേരളം തങ്ങൾക്ക് പ്രതീക്ഷയില്ലാത്ത ഇടമല്ലെന്ന് കൂടിയാണ് ബിജെപി പറഞ്ഞുവയ്ക്കുന്നത്.
195 പേരടങ്ങുന്ന ആദ്യ പട്ടികയിൽ 57 പേർ ഒബിസി വിഭാഗക്കാരാണ്. പട്ടികജാതി വിഭാഗത്തിൽ നിന്ന് 27 പേരും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് 18 സ്ഥാനാർത്ഥികളും ആദ്യ പട്ടികയിൽ ഇടം പിടിക്കുന്നു. ജാതി സെൻസെസ് ഉൾപ്പെടെ ഉയർത്തിക്കാട്ടി കോൺഗ്രസ് പ്രചാരണം മുന്നോട്ട് വയ്ക്കുമ്പോൾ അതിനെ കണക്കുകളും പ്രാതിനിധ്യവും നിരത്തി നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡേ ഒബിസി പ്രാതിനിധ്യത്തെ കുറിച്ച് ആവർത്തിച്ച് പരാമർശിച്ചതും ഇതിന്റെ സൂചനയാണ്. ഏതായാലും ബിജെപി വ്യക്തമായ കണക്കുകൂട്ടലോടെയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചിരിക്കുന്നത് .

