മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒന്ന് മുതല്‍ പതിനാറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു പതിനാറാം പ്രതി മുനീർ എന്നിവരുടെ വിധിപ്രസ്താവമാണ് കോടതി വിധിച്ചത്.
അതേസമയം, നാല്,പതിനൊന്ന് പ്രതികളെ കോടതി വെറുതെവിട്ടു. മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. അതേസമയം കേസില്‍ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. മാർച്ച് 10 നു കേസിന്റെ അന്തിമവാദം പൂർത്തിയായിരുന്നു. കേരള മനസാക്ഷിയെ നടുക്കിയ കൊലപാതകം നടന്നത് 2018 ഫെബ്രുവരി 22 നായിരുന്നു.
സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂർത്തിയാക്കി വിധി പ്രസ്താവിക്കുന്നത്. മണ്ണാര്‍ക്കാട് എസ്.സി,എസ്.ടി ജില്ലാ പ്രത്യേക കോടതിയില്‍ 2022 ഏപ്രില്‍ 28 നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മാർച്ച് 18 ന് കേസ് വിധി പറയുന്നതിന് എടുത്തിരുന്നെങ്കിലും വിധിപ്പകർപ്പുകൾ പൂർത്തിയാകാത്തതിനാൽ മാർച്ച് മുപ്പതിലേക്ക് കേസ് മാറ്റുകയായിരുന്നു. 16 പ്രതികളാണ് കേസിൽ ഉള്ളത്. കേസിൽ വിചാരണ ആരംഭിക്കുമ്പോൾ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിചാരണ തുടങ്ങിയതിനു ശേഷം അഞ്ച് സാക്ഷികളെ കൂടി ചേർത്തതോടെ 127 സാക്ഷികളായി.127 സാക്ഷികളിൽ 24 പേർ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടുപേർ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി.

