Friday, May 3, 2024
spot_img

‘പ്രധാനമന്ത്രിയുടെ വരവില്‍ വേവലാതി ഉള്ളവര്‍ക്ക് യെച്ചൂരിയെ കൊണ്ടുവരാം ! ആര് പറഞ്ഞാലാണ് കേരളം കേള്‍ക്കുന്നത് എന്ന് നോക്കാം’ – നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച എം വി ഗോവിന്ദനോട് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രിയുടെ കേരളത്തിലെ തുടർസന്ദർശനത്തെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് തക്ക മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ വരവിൽ വേവലാതി ഉള്ളവർക്ക് സീതാറാം യെച്ചൂരിയെ കൊണ്ടുവരാമെന്ന് സുരേന്ദ്രൻ പരിഹസിച്ചു.

“മോദിജി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് എല്ലായിടത്തും വന്ന് പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ട്. സീതാറാം യെച്ചൂരിയും വന്നോട്ടെ. ആര് പറഞ്ഞാലാണ് കേൾക്കുന്നത് എന്ന് നോക്കാം’ -കെ. സുരേന്ദ്രൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 15ന് തൃശ്ശൂർ കുന്നംകുളത്താണ് എത്തുന്നത്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് കുന്നംകുളം. 15 ന് രാവിലെ 11 മണിക്ക് നടക്കുന്ന പൊതു പരിപാടിയിൽ നരേന്ദ്രമോദി പങ്കെടുക്കും.പ്രധാനമന്ത്രി കുന്നംകുളത്ത് എത്തുന്നത് ആലത്തൂർ, തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിൽ പാർട്ടിക്ക് ഗുണകരമാകുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം എന്നതും ശ്രദ്ധേയമാണ്. കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംപിയുമായ പികെ ബിജു, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, കൗണ്‍സിലര്‍ പികെ ഷാജൻ എന്നിവരെ ഇഡി ഇക്കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും ഇവ വഴി കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നുമാണ് ഇഡി വാദം.

Related Articles

Latest Articles