Saturday, October 10, 2026

അധികാരത്തിനായി കാലുനക്കാൻ പോയ ചതിയന്മാർക്ക് കാലം മാപ്പുതരില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം മാതൃകാപരം; പേരും ചിഹ്നവും നഷ്ടപ്പെട്ട ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

മുംബൈ: അധികാരത്തിനായി ശത്രുവിന്റെ കാലുനക്കാൻ പോയ ചതിയന്മാർക്ക് കാലം മാപ്പുതരില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശിവസേന എന്ന പേരും പാർട്ടി ചിഹ്നവും നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഉദ്ധവ് താക്കറെയെ രൂക്ഷമായി ആക്രമിച്ചുകൊണ്ടായിരുന്നു മുംബൈയിൽ ഷായുടെ പ്രസ്താവന. പാർട്ടി ചിഹ്നവും പേരും ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം കഴിഞ്ഞദിവസം വന്നിരുന്നു. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് താനായിരുന്നു പാർട്ടി അദ്ധ്യക്ഷൻ. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ ബിജെപിയും ശിവസേനയും ഒരുമിച്ചു നേരിട്ടു. വലിയ ഭൂരിപക്ഷത്തോടെ വിജയം നേടിയെങ്കിലും ശിവസേന അധികാരത്തിന് വേണ്ടി പ്രതിപക്ഷത്തിന്റെ കാലുനക്കാൻ പോയെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ സ്വാഭാവികമാണെങ്കിലും ചതിയന്മാർക്ക് കാലം മാപ്പുനൽകില്ലെന്നും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും ബിജെപി ശിവസേനാ സഖ്യം നേടുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശിവസേനാ സഖ്യമാണ് മത്സരിച്ചിരുന്നത്. ബിജെപി 105 സീറ്റുകളിലും ശിവസേന 56 സീറ്റുകളിലുമാണ് വിജയം കണ്ടത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ശിവസേന വാശിപിടിച്ചു. ജനാഭിലാഷം അട്ടിമറിക്കാൻ തയാറല്ലാതിരുന്ന ബിജെപി വഴങ്ങിയില്ല. മുഖ്യമന്ത്രിസ്ഥാനത്തിനായി ശിവസേന ചിരകാല വൈരികളായ കോൺഗ്രസ്സും എൻ സി പിയുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്തിയെങ്കിലും രണ്ടരക്കൊല്ലത്തിനുശേഷം ശിവസേന നെടുകെ പിളരുകയായിരുന്നു. പിന്നീട് നഷ്ടങ്ങളുടെ കാലമായിരുന്നു ഉദ്ധവ് താക്കറെയ്ക്ക്. ഈ നഷ്ടങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തേതാണ് പേരും ചിഹ്നവും.

Related Articles

Latest Articles