രാഷ്ട്രീയ സ്വയം സേവക സംഘം എന്ന ലോകത്തിലെ ഏറ്റവും വലിയ സാംസ്ക്കാരിക സംഘടന ഡോക്ടർജിയുടെ കുട്ടികൾ എന്നറിയപ്പെട്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതായത് ഡോക്ടർ കേശവ ബൽറാം ഹെഡ്ഗേവാർ രൂപം നൽകിയ സംഘടന ഡോക്ടർജിക്ക് ശേഷം തകർന്നുപോകുമെന്ന് ചിലർ വിലയിരുത്തിയിരുന്നു. പക്ഷെ സംഘഗംഗയുടെ പ്രവാഹം നിലക്കില്ലെന്ന് തെളിഞ്ഞ വർഷങ്ങളായിരുന്നു പിന്നീട്. ഗുരുജി ഗോൾവാൾക്കർ എന്ന ക്രാന്തദർശിയായ നേതാവ് സംഘത്തെ ഒരു വടവൃക്ഷം കണക്കെ വളർത്തിയെടുക്കുന്നതാണ് പിന്നീട് കണ്ടത്. തന്റെ 33 വർഷത്തെ സാധന കൊണ്ട് രാഷ്ട്രീയ സ്വയം സേവക സംഘത്തെ ഭാരതത്തിനകത്തും പുറത്തുമെത്തിക്കാൻ ഗുരുജിക്ക് കഴിഞ്ഞു. ഹെഡ്ഗേവാറിന്റെ മാസിക ശ്രാദ്ധ ദിനത്തിൽ ഗുരുജി നടത്തിയ പ്രഭാഷണം എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതായിരുന്നു.
“ഡോകടർജിക്കു ശേഷം സംഘത്തിന്റെ ഗതി എന്തായിരിക്കുമെന്നാണ് പലരുടേയും ആശങ്ക. ഈ പ്രശ്നം തന്നെ അസ്ഥാനത്താണ് സർവ്വ വിധ ദുർഘടങ്ങളേയും മറികടന്ന് ലവലേശം കുലുങ്ങാതെ സംഘം അതിന്റെ തനതായ വഴിയിൽ കൂടി അനവരതം മുന്നേറും. നമ്മുടെ ശക്തി നിർബാധം വർദ്ധിച്ച് ഒരു നാൾ ദേശമാകെ വ്യാപിക്കും ” അദ്ദേഹം പ്രഭാഷണത്തിൽ പ്രഖ്യാപിച്ചു .അചഞ്ചലമായ തത്വനിഷ്ഠയും ദൃഢനിശ്ചയവുമായി ഗുരുജി ഭാരതത്തിലുടനീളം സംഘടനയ്ക്കായി യാത്ര ചെയ്തു. ശരീരവും മനസ്സും ഹൃദയവുമെല്ലാം സംഘം കൊണ്ട് നിറച്ചു. 33 വർഷത്തെ തപസ് കൊണ്ട് രാഷ്ട്രീയ സ്വയം സേവക സംഘത്തെ പ്രതിസന്ധികളുടെ ഘട്ടത്തിൽ നിന്നും അംഗീകാരത്തിന്റെ ഘട്ടത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
1906 ഫെബ്രുവരി മാസം 19-ന് മഹാരാഷ്ട്രയിലെ നാഗ്‌പൂരിനടുത്തുള്ള രാംടേക്കിലാണ് അദ്ദേഹം ജനിച്ചത്. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന അദ്ദേഹം സദാശിവ ഗോൾവൽക്കറിന്റെ ഒൻപതുമക്കളിൽ നാലാമനായിരുന്നു. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽക്കേ പണ്ഡിറ്റ് മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു.പഠനത്തിനു ശേഷം ഒന്നു രണ്ടു വർഷത്തോളം അദ്ദേഹം പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ വിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി എന്നു വിളിച്ചുപോന്നു. ആ സമയത്താണ് സംഘത്തിൻറെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്. ഡോ ഹെഡ്ഗേവാറിനെ പരിചയപ്പെടുന്നതും അക്കാലത്താണ്.
സംഘം രാഷ്ട്രജീവിതത്തിന്റെ വിവിധമേഖലകളിലേക്ക് പടർന്ന് പന്തലിക്കുന്ന ത്വരിത വളർച്ചയാണ് പിന്നീടുള്ള 33 വർഷങ്ങൾ കണ്ടത്. സ്വയം സംഘത്തിനും രാഷ്ട്രത്തിനും സമർപ്പിക്കുകയും സമർപ്പിത ജീവിതങ്ങളുമായി ഒരുകൂട്ടം പ്രവർത്തകരെയും അദ്ദേഹം വാർത്തെടുത്തു. സംഘത്തിന്റെ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങൾ ഗുരുജിയുടെ ഉൾക്കാഴ്ചയോടെ സാക്ഷാത്ക്കാരമായിരുന്നു. മുപ്പത്തിമൂന്നു വർഷത്തെ കഠിന സപര്യയ്ക്കിടയിൽ അദ്ദേഹം അറുപതിലധികം പ്രാവശ്യം ഭാരതം ചുറ്റി സഞ്ചരിച്ചു. ഭാരതത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുകയും ഒരിക്കൽ പോലും ഹോട്ടലുകളിൽ താമസിക്കാതിരിക്കുകയും ചെയ്ത അഖില ഭാരത പ്രശസ്തനായി ആരെങ്കിലുമുണ്ടെങ്കിൽ അത് ഗുരുജി മാത്രമായിരിക്കും. അഖിലഭാരതീയ വിദ്യാർത്ഥി പരിഷതും, ബിജെപിയുടെ പൂർവ രൂപമായ ജനസംഘവും, വിശ്വഹിന്ദു പരിഷത്തും ഭാരതീയ മസ്ദൂർ സംഘവുമെല്ലാം ഗുരുജിയുടെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ചതാണ് .ഇന്ന് തങ്ങളുടെ മേഖലകളിൽ ഭാരതത്തിൽ ഒന്നാമത് നിൽക്കുന്നത് ഈ സംഘടനകൾ തന്നെയാണെന്നത് ഗുരുജിയുടെ ദീഘദർശനത്തിന്റെ തെളിവാണ്.

