ലോകത്തില്‍ ഏറ്റവും ചിലവ് കുറഞ്ഞ നിരക്കില്‍ ജീവിക്കാവുന്ന നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് നഗരങ്ങളും. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി , ചെന്നൈ ,ബാംഗ്ലൂർ എന്നീ നഗരങ്ങളാണ് ചിലവ് കുറഞ്ഞ നിരക്കില്‍ ജീവിക്കാവുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്. ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് 2019 ല്‍ നടത്തിയ വേള്‍ഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിങ് സര്‍വേയിലാണ് ഇന്ത്യയിൽ നിന്നുള്ള ഈ പ്രധാന നഗരങ്ങളും ഉൾപ്പെട്ടത്. പാരീസ്, സിംഗപൂര്‍, ഹോങ്കോങ്ങ് എന്നീ നഗരങ്ങളാണ് ഏറ്റവും ചിലവേറിയ മൂന്ന് നഗരങ്ങളായി സര്‍വ്വേയിലുള്ളത്. ഇതിനു പിന്നാലെ സ്വിറ്റ്‌സര്‍ലന്റിലെ സൂറിച് , ജപ്പാനിലെ ഒസാക്കയും സൗത്ത് കൊറിയയിലെ സോളും, ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനും,ന്യൂയോർക്കിലെ ലോസ് ഏഞ്ചെൽസും ചിലവേറിയ പട്ടണങ്ങളുടെ പട്ടികയിൽ നഗരങ്ങളും ഇടം നേടിയിട്ടുണ്ട്.

വെനീസ്വലയിലെ കരാക്കസും, സിറിയയിലെ ഡമാസ്‌ക്കസും, കസാക്കിസ്ഥാനിലെ അള്‍മാറ്റിയും, പാകിസ്ഥാനിലെ കറാച്ചിയും നൈജീരിയയിലെ ലാഗോസും അര്‍ജെന്റീനയിലെ ബ്യൂണസ് ഐറസും ചിലവ് കുറഞ്ഞ നഗരങ്ങളില്‍ ഉള്‍പ്പെടുന്നു. 133 നഗരങ്ങളിലെ സാധനങ്ങളുടെ വില നിര്‍ണയം നടത്തിയാണ് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് സര്‍വ്വേ നടത്തിയത്.