തൃശൂര്‍: കൗൺസിലർമാരെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ കേസെടുത്തു. സംഭവത്തിൽ, ഡ്രൈവര്‍ ലോറന്‍സിനെതിരെയും കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മാലിന്യം കലര്‍ന്ന ചെളിവെള്ളം വിതരണം ചെയ്യുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ കാര്‍ തടഞ്ഞിരുന്നു. ഇവര്‍ക്കിടയിലേക്ക് അപകടകരമാം വിധം കാര്‍ ഓടിച്ചു കയറ്റി കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
കേസിനാസ്പദമായ സംഭവം കഴിഞ്ഞ ദിവസമാണ് നടന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ കുടിവെള്ളത്തിന് പകരം നല്‍കുന്നത് ചെളിവെള്ളമാണെന്ന് ആരോപിച്ച് നടത്തിയ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം സംഘര്‍ഷത്തിന് കാരണമായിരുന്നു. കൗണ്‍സിലര്‍ യോഗത്തില്‍ മേയര്‍ എംകെ വര്‍ഗ്ഗീസിന്റെ കോലത്തില്‍ ചെളിവെള്ളം ഒഴിച്ചതോടെ മേയര്‍ കൗണ്‍സില്‍ ഹാള്‍ വിട്ടുപോയി
തുടര്‍ന്ന് കാറില്‍ കയറിയ മേയറെ കൗണ്‍സിലര്‍മാര്‍ തടഞ്ഞെങ്കിലും കാര്‍ മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ വനിതാ കൗണ്‍സിലറടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. കൗണ്‍സിലറെ ഇടിച്ചു തെറിപ്പിക്കും വിധമായിരുന്നു മേയറുടെ ഡ്രൈവര്‍ കാര്‍ മുന്നോട്ട് എടുത്തതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കാറിടിപ്പിച്ച് കൊല്ലാന്‍ മേയര്‍ സിപിഎം അനുഭാവിയായ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചേംബറിനകത്ത് കയറി പ്രതിഷേധിച്ചിരുന്നു.

