കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം( Fire Breaksout In Brahmapuram Plant). ഈ വർഷം ഇത് രണ്ടാം തവണയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം ഉണ്ടാകുന്നത്. ഇന്ന് രാവിലെയോടെ പ്ലാന്റിലെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിൽ തീ കത്തിപ്പടരുകയായിരുന്നു.
അപകടത്തിന് പിന്നാലെ തൃക്കാക്കര, ഏലൂർ, തൃപ്പൂണിത്തുറ, ഗാന്ധി നഗർ, ആലുവ യൂണിറ്റുകളിൽ നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. അതേസമയം സംസ്ഥാനത്ത് തീപിടിത്തം തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി 18 നും ഉച്ച കഴിഞ്ഞ് രണ്ടരയോടെ പ്ലാന്റിൽ തീപിടിച്ചിരുന്നു. കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്കും പടർന്നതോടെ തീ ആളിക്കത്തി.
ഉടൻ തന്നെ നഗരസഭ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകൾ രണ്ട് മണിക്കൂർ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. റെയിൽവെ, കൊച്ചി മെട്രോ, ദേശീയപാത എന്നിവയ്ക്ക് സമീപമായിരുന്നു തീപിടിത്തം. ഉച്ചയ്ക്ക് ശേഷം മാലിന്യസംഭരണ കേന്ദ്രത്തിൽ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

