തൃശൂര്‍: കൂടുതൽ സ്ത്രീധനത്തിന് വേണ്ടി യുവതിയോട് കാട്ടിയത് കൊടും ക്രൂരത. സ്ത്രീധനം ആവശ്യപ്പെട്ടു യുവതിയുടെ മുടി ബലമായി മുറിച്ച കേസില്‍ ഭര്‍ത്താവും അയല്‍വാസിയായ സ്ത്രീയെയും പൊലീസ് പിടികൂടി. ഭര്‍ത്താവായ എറണാകുളം മുളന്തുരുത്തി തലക്കോട് പള്ളത്തുപറമ്പില്‍ രാഗേഷ് (25), അയല്‍വാസി കാവില്‍പറമ്പില്‍ അമൃത (28) എന്നിവരെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പിടിച്ചുനിര്‍ത്തി തല മുണ്ഡനം ചെയ്യാന്‍ സഹായിച്ചു എന്നതാണ് അമൃതയുടെ പേരിലുള്ള കുറ്റം.
പരാതിക്കാരിയായ യുവതിയെ 3 വര്‍ഷം മുന്‍പാണു രാഗേഷ് വിവാഹം ചെയ്തത്. വിവാഹസമയത്ത് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കൈക്കലാക്കിയെന്നും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടു പീഡിപ്പിക്കുകയായിരുന്നു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ പണം നല്‍കാന്‍ തയ്യാറായിരുന്നില്ല.
ഈ മാസം ഒന്നിനു ബാര്‍ബറെ വിളിച്ചുവരുത്തി രാഗേഷും അമ്മ ശ്യാമളയും അമൃതയും ചേര്‍ന്ന് ബലമായി തല മുണ്ഡനം ചെയ്യിച്ചുവെന്നാണു പരാതി. ഇന്‍സ്‌പെക്ടര്‍ പി.പി. ജോയിയുടെ നേതൃത്വത്തില്‍ എസ്‌ഐ രാജന്‍, സിപിഒമാരായ ബിനീഷ്, ലിഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ ചോറ്റാനിക്കരയില്‍ നിന്നു പിടികൂടിയത്.

