തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് ഇക്കുറി വെടിക്കെട്ട് ഒരുങ്ങുന്നത് പെൺകരുത്തിൽ. പരമ്പരാഗതമായി വെടിക്കെട്ട് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകളായ എം.എസ്. ഷീന സുരേഷിന്റെ കരവിരുതിൽ തൃശൂരിന്റെ ആകാശം വർണവിസ്മയത്തിന് സാക്ഷ്യം വഹിക്കുമ്പോൾ അത് ചരിത്രം. ഒരു വനിത പൂരം വെടിക്കെട്ടിന്റെ കരാർ ഏറ്റെടുക്കുന്നത് ഇത് ആദ്യമായാണ്. തിരുവമ്പാടി വിഭാഗമാണ് ഷീനയ്ക്ക് വെടിക്കെട്ടിനുള്ള കരാർ നൽകിയത്. ഗുണ്ട്, കുഴിമിന്നൽ, മാലപ്പടക്കം, അമിട്ട് എന്നിവയ്ക്കാണ് ഷീനയ്ക്ക് ലൈസൻസ് ലഭിച്ചിരിക്കുന്നത്.പെസോയുടെ പ്രത്യേക ലൈസൻസ് നേടി പൂരം വെടിക്കെട്ടിനു തിരുവമ്പാടി വിഭാഗമാണ് ഷീന സുരേഷിനെ കരാർ നൽകിയത്.
അതേസമയം വർഷങ്ങളായി കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ സ്ത്രീകൾ വെടിക്കെട്ട് ജോലികൾ ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ വലിയൊരു വെടിക്കെട്ടിന് ലൈസൻസ് എടുക്കുന്നത്.ഷീന സുരേഷ് വർഷങ്ങളായി കരിമരുന്ന് നിർമാണ ജോലികൾ ചെയ്തു വരികയാണ്. വെടിക്കെട്ട് തൊഴിലാളിയായ സുരേഷിനന്റെ ശക്തമായ പിന്തുണയാണ് ഷീനയുടെ കരുത്ത്. കഴിഞ്ഞ ദിവസമാണ് പൂരം വെടിക്കെട്ടിന് അനുമതി നൽകി പെസോയുടെ ഉത്തരവിറങ്ങിയത്

