Saturday, May 18, 2024
spot_img

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. പ്രധാനപങ്കാളികളായി തിരുവമ്പാടി ക്ഷേത്രത്തില്‍ പകല്‍ പതിനൊന്ന് മുപ്പതിനും പാറമേക്കാവില്‍ പന്ത്രണ്ട് അഞ്ചിനുമാണ് കൊടിയേറ്റം. ഇരുവിഭാഗത്തിന്റെയും പുറത്തേക്കെഴുന്നള്ളിപ്പും മേളവുമായി കൊടിയേറ്റ ചടങ്ങുകള്‍ നടക്കുന്നതോടെ തൃശൂര്‍ പൂരത്തിലേക്ക് കടക്കും.

തിരുവമ്പാടിയില്‍ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുശിത്തും കൊടിമരം ഒരുക്കും. ദേശക്കാരാണ് കൊടിമരം ഉയര്‍ത്തുക. പകല്‍ മൂന്നോടെ പുറത്തേക്ക് എഴുന്നള്ളിപ്പ് തുടങ്ങും. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ കോലമേന്തും. നാലുമണിയോടെ പടിഞ്ഞാറേച്ചിറയിലാണ് ആറാട്ട്.

പാറമേക്കാവ് ക്ഷേത്രത്തില്‍ കുട്ടനാശാരിയാണ് കൊടിമരം ഒരുക്കുക. വലിയപണിക്കുശേഷം തട്ടകക്കാര്‍ ക്ഷേത്രത്തില്‍ കൊടിമരം ഉയര്‍ത്തും. തുടര്‍ന്ന് ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടിമരം ഉയര്‍ത്തും. പാറമേക്കാവില്‍ കൊടിയേറ്റത്തിന് ശേഷം അഞ്ചാനപ്പുറത്താണ് പുറത്തേക്കെഴുന്നള്ളിപ്പ്. പാറമേക്കാവ് ദേവീദാസന്‍ കോലമേന്തും. മേളത്തിന് പെരുമനം കുട്ടന്‍മാരാരാണ് പ്രമാണം. കിഴക്കെ ഗോപുരം വഴി വടക്കുനാഥ ക്ഷേത്രതിതലെത്തി മേളം കൊട്ടിക്കലാശിക്കും. വടക്കുംനാഥനിലെ കൊക്കര്‍ണിയിലാണ് ആറാട്ട്.

Related Articles

Latest Articles