Monday, May 20, 2024
spot_img

പൂരപ്രേമികളെ ആവേശത്തിലാക്കിയ തൃശൂര്‍പൂരത്തിന് ഇന്ന് കൊടിയിറങ്ങും

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാക്കിയ തൃശൂര്‍പൂരത്തിന് ഇന്ന് കൊടിയിറങ്ങും. പകല്‍പ്പൂരത്തോടെ രണ്ട് ദിവസം നീണ്ട ആഘോഷ ദിനങ്ങള്‍ക്ക് പരിസമാപ്തിയാകും. വൈവിധ്യമാര്‍ന്ന കുടമാറ്റത്തിനാണ് തൃശൂർ ഇക്കുറി സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ സൈന്യം വരെ വര്‍ണക്കുടകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ ആവേശം ഇരട്ടിയായി. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍,എല്‍ഇഡി വെളിച്ചങ്ങള്‍ ഇങ്ങനെ തുടങ്ങി ആവേശത്തിന്‍റെ അലമാലകള്‍ തീര്‍ത്താണ് കുടമാറ്റം പൂര്‍ത്തിയായത്.

കൈമെയ് മറന്ന് ആയിരങ്ങളാണ് പൂരാവേശത്തിന് നിറം പകരാനെത്തിയത്. വൈകുന്നേരം 5.30ഓടെയാണ് കുടമാറ്റത്തിന് തുടക്കമായത്. ഇരുവശത്തുമായി ഇരുക്ഷേത്രങ്ങളുടെയും 15 വീതം ആനകള്‍ അണിനിരന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറ മേളം ആസ്വാദകര്‍ക്ക് മറ്റൊരു വിരുന്നായി. പുലര്‍ച്ചെ നടന്ന വെടിക്കെട്ടും ആസ്വാദകര്‍ക്ക് വിരുന്നായി. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വെടിക്കെട്ട് നടത്തിയത്.

കനത്ത സുരക്ഷയിലായിരുന്നു ഇക്കുറി തൃശൂര്‍ പൂരം. ശ്രീലങ്കന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങും പൊലീസ് കനത്ത സുരക്ഷയൊരുക്കി. കര്‍ശന സുരക്ഷയും തെച്ചിക്കോട്ട് രാമചന്ദ്രന്‍ വിവാദവും ഒന്നും പൂരാവേശത്തിന് തെല്ലും മങ്ങലേല്‍പ്പിച്ചില്ല. ചൊവ്വാഴ്ച്ച എട്ടിനാണ് പകല്‍പൂരം. ഉച്ചയ്ക്ക് 12ന് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരം കൊടിയിറങ്ങും.

Related Articles

Latest Articles