Thursday, May 9, 2024
spot_img

പരാതിയുമായി മുന്നോട്ട് പോകാത്തത് ഭയം മൂലം; കോളേജ് മാറ്റത്തിന് അപേക്ഷ നല്‍കി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് മാറ്റത്തിന് അപേക്ഷ നല്‍കി. പ്രിന്‍സിപ്പാളിനും വൈസ് ചാന്‍സിലര്‍ക്കുമാണ് അപേക്ഷ നല്‍കിയത്. മറ്റൊരു ​ഗവണ്‍മെന്റ് കോളേജിലേക്കോ എയിഡഡ് കോളേജിലേക്കോ മാറാനാണ് അപേക്ഷ.

പെണ്‍കുട്ടി നേരിട്ടെത്തിയാണ് കോളേജ് മാറ്റത്തിന് അപേക്ഷ നല്‍കിയത്. എസ്‌എഫ്‌ഐ ഭീഷണിയെത്തുടര്‍ന്ന് പഠിക്കാനാവില്ലെന്ന് കാണിച്ചാണ് അപേക്ഷ. പരാതിയുമായി മുന്നോട്ട് പോകാത്തതും കോളേജ് മാറുന്നതും ഭയം മൂലമാണെന്നു പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥിനിയായ ആറ്റിങ്ങല്‍ സ്വദേശിനിയെ കോളജിന്റെ റസ്റ്റ് റൂലിമാണ് കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ ഉത്തരവാദികള്‍ എസ്‌എഫ്‌ഐയൂണിറ്റ് അംഗങ്ങളും പ്രിന്‍സിപ്പലുമാണെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്റേണല്‍ പരീക്ഷയുടെ തലേദിവസവും ജാഥയില്‍ പങ്കെടുക്കാന്‍ എസ്‌എഫ്‌ഐക്കാര്‍ നിര്‍ബന്ധിച്ചു. എതിര്‍പ്പ് അറിയിച്ചപ്പോള്‍ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി.

ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, ചീത്തവിളിക്കുകയും ശരീരത്തില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നത്. ദുഷ്ടന്മാരെ എന്റെ ആത്മാവ് നിങ്ങളോട് പൊറുക്കില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് അവസാനിക്കുന്നത്.

എന്നാല്‍ പിന്നീട് പരാതിയില്ലെന്ന് അറിയിച്ച പെണ്‍കുട്ടി സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നത് സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പറഞ്ഞത്. ആര്‍ക്കെതിരെയും പരാതിയില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

Related Articles

Latest Articles