Thursday, May 16, 2024
spot_img

അണിഞ്ഞൊരുങ്ങി തൃശൂർ! പൂരം വിളംബരം ഇന്ന്, തിടമ്പേറ്റുന്നത് നെയ്തലക്കാവിലമ്മയുടെ കുറ്റൂര്‍ ശിവകുമാർ

തൃശൂര്‍: തൃശൂർപൂരത്തിന് തുടക്കമാകുന്നു. പൂരം വിളംബരമറിയിച്ച്‌ ഇന്ന് തെക്കേ ഗോപുരനട തുറക്കും. രാവിലെ എട്ട് മണിക്ക് കുറ്റൂര്‍ നെയ്തലക്കാവിലമ്മ വടക്കുനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറക്കും. തുടര്‍ന്ന് മേളത്തോടെ നിലപാടുതറയില്‍ എത്തി മടങ്ങുന്നതോടെയാണ് പൂരം വിളംബരത്തിനു തുടക്കമാവുക.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത്. എട്ടു മണിയോടെ തുടങ്ങുന്ന എഴുന്നള്ളിപ്പ് പത്തരയോടെ വടക്കുനാഥ ക്ഷേത്രത്തില്‍ എത്തും. നെയ്തലക്കാവിലമ്മ തുറക്കുന്ന തെക്കേ ഗോപുരനടയിലൂടെയാണ് പൂരദിനത്തില്‍ ആദ്യ ദേവനായ കണിമംഗലം ശാസ്താവ് വടക്കുനാഥ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ എട്ട് ഘടകദേശപൂരങ്ങളോട് കൂടിയ ഒരു ദിവസത്തിന് മേല്‍ നീണ്ടു നില്‍ക്കുന്ന പൂരകാഴ്ചകള്‍ക്ക് തുടക്കമാകും. രാവിലെ 11 മണിക്ക് തിരുവമ്പാടിയുടെ മഠത്തില്‍വരവും 12 മണിക്ക് പതിനഞ്ച് ആനപ്പുറത്തായി പാറമേക്കാവിന്റെ എഴുന്നള്ളിപ്പും നടക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളവും വൈകീട്ട് അഞ്ചരയ്ക്ക് തെക്കോട്ടിറക്കവും ശേഷം തെക്കേ ഗോപുരനടയില്‍ കുടമാറ്റവും നടക്കും. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് പൂരം വെടിക്കെട്ട്. അന്ന് ഉച്ചയ്ക്ക് പൂരം ഉപചാരം ചൊല്ലി പിരിയും.

കോവിഡ് നിയന്ത്രങ്ങളെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ പൂരം നടക്കുന്നത്. ഇന്നലെ രാത്രി എട്ടിന് പൂരം സാമ്പിൾ വെടികെട്ടും നടന്നിരുന്നു.

Related Articles

Latest Articles