ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾക്ക് ചൈനീസ് എംബസി കത്തയച്ചതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ടിബറ്റൻ പ്രവാസി സർക്കാർ. ടിബറ്റിന്റെ കാര്യത്തിൽ ഇടപെടരുതെന്നും ടിബറ്റ് ചൈനയുടെ ഭാഗമാണെന്നും കാണിച്ച് ഇന്ത്യയിലെ ചൈനീസ് എംബസി ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾക്ക് കത്തയച്ചിരുന്നു. “ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾക്ക് അയച്ച കത്തിനെ ഞങ്ങൾ അപലപിക്കുന്നു, ഒരു ജനാധിപത്യ രാജ്യം എന്ന നിലയിൽ, പാർലമെന്റ് അംഗങ്ങൾക്ക് അവരുടേതായ അവകാശങ്ങളുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഞങ്ങൾക്ക് ഇന്ത്യക്കാരിൽ നിന്ന് പിന്തുണയും ഐക്യദാർഢ്യവും ലഭിക്കുന്നു. ഇന്ത്യൻ ജനപ്രതിനിധികളും നേതാക്കന്മാരും ടിബറ്റ് ജനതക്കൊപ്പമാണ്” ടിബറ്റൻ പ്രവാസ സർക്കാരിന്റെ വക്താവ് ടെൻസിൻ ലക്ഷയ് പറഞ്ഞു.
“വാസ്തവത്തിൽ, ടിബറ്റിനായി സർവകക്ഷി ഇന്ത്യൻ പാർലമെന്ററി ഫോറം 1970 മുതൽ നിലവിലുണ്ട്. അത് പ്രമുഖ ഇന്ത്യൻ നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ തുടർന്നുകൊണ്ടിരുന്നു. അതിനാൽ ഈ കത്തിന്റെ ഉള്ളടക്കം അംഗീകരിക്കാനാവില്ല. ടിബറ്റൻ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഇന്ത്യൻ പാർലമെന്റ് അംഗങ്ങളെ ഭീഷണിപ്പെടുത്തുവാൻ ചൈനക്ക് അധികാരമില്ല . ടിബറ്റൻ വക്താവ് തുറന്നടിച്ചു. ടിബറ്റിനായുള്ള ഓൾ പാർട്ടി ഇന്ത്യൻ പാർലമെന്ററി ഫോറം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾക്ക് ഇന്ത്യയിലെ ചൈനീസ് എംബസിയിലെ പൊളിറ്റിക്കൽ കൗൺസിലർ ഷൗ യോങ്‌ഷെംഗ് ആണ് കത്തെഴുതിയത്.

