Thursday, October 8, 2026

കർപ്പൂരപ്രിയനായ അയ്യന് കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ; സന്നിധാനത്ത് പുതുവത്സരപ്പിറവി ആഘോഷമാക്കി ഭക്തർ

സന്നിധാനം: സന്നിധാനത്ത് പുതുവത്സരപ്പിറവി ആഘോഷമാക്കി ഭക്തർ (New Year Celebration In Sabarimala). കർപ്പൂരപ്രിയനായ അയ്യന് കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എഴുതി ദീപം തെളിയിച്ചാണ് ഭക്തർ 2022 നെ വരവേറ്റത്. പുതുവർഷപ്പുലരിയിൽ അയ്യപ്പനെ കാണാൻ ആയിരങ്ങളാണ് രാവിലെ സന്നിധാനത്ത് എത്തിയത്. പുതുവത്സരം പുലരുന്ന രാത്രി 12 മണിക്ക് കർപ്പൂരം കൊണ്ടെഴുതിയ 2022 ൽ ശബരിമല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ വാര്യർ ദീപം തെളിയിച്ചാണ് പുതുവർഷ ആഘോഷത്തിന് തുടക്കം കുറിച്ചത്.

തുടർന്ന് അയ്യപ്പസേവാസംഘം പ്രവർത്തകർ മധുരം വിളമ്പി. അയ്യപ്പാ സേവ സംഘം, പുണ്യം പൂങ്കാവനം പ്രവർത്തകരും, മാധ്യമ പ്രവർത്തകരും ആഘോഷത്തിൽ പങ്കാളിയായി. പുതുവത്സരപ്പുലരിയിൽ രാവിലെ മുതൽ സന്നിധാനത്ത് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇക്കുറി കൂടുതൽ പേർക്ക് ദർശനം അനുവദിച്ചിരുന്നു.

മകരവിളക്ക് പൂജയ്‌ക്കായി വ്യാഴാഴ്ചയാണ് നട തുറന്നത്. ഇന്നലെ രാവിലെ മുതലാണ് ഭക്തരെ ദർശനത്തിനായി പ്രവേശിപ്പിച്ചു തുടങ്ങിയത്. അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം എരുമേലിയിൽ നിന്ന് കരിമല വഴിയുള്ള കാനനപാതയിലൂടെയും ഭക്തരെ കടത്തിവിട്ട് തുടങ്ങി. അതേസമയം കാനന പാതയിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ടായിരിക്കുന്നതാണ്. കോഴിക്കാൽക്കടവിൽ നിന്ന് പുലർച്ചെ 5.30നും 10.30നും ഇടയിൽ മാത്രമേ കാനനപാതയിലേയ്‌ക്ക് തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഴുതക്കടവിലും, മുക്കുഴിയിലും രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് 12 വരെയാണ് പ്രവേശനം നൽകുക. തീർത്ഥാടകർക്ക് തനിച്ചും കൂട്ടമായും വരാം. എന്നിരുന്നാലും പല ബാച്ചുകളായി തിരിച്ച് മാത്രമായിരിക്കും കാനന പാതയിലൂടെ കടത്തിവിടുക. വൈകിട്ട് അഞ്ച് മണിക്ക് ശേഷം പാതയിലൂടെ സഞ്ചാരം അനുവദിക്കില്ല.

Related Articles

Latest Articles