Sunday, May 19, 2024
spot_img

ടിക് ടോക് ഇന്ത്യയില്‍ നിന്നും നീക്കം ചെയ്യാൻ സാധ്യത

ദില്ലി: ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇലക്ട്രോണിക് ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ഇരു ടെക് ഭീമന്മാര്‍ക്കും നിര്‍ദേശം നൽകി. ടിക്ടോക് നിരോധനം സംബന്ധിച്ച മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നടപടി .

തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി കേസില്‍ സ്റ്റേ അനുവദിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കേസില്‍ ഇടക്കാലവിധി പുറപ്പെടുവിച്ച ടിക് ടോക് നിരോധിക്കണം എന്ന ഹര്‍ജി മധുര ഹൈക്കോടതി ബെഞ്ച് വീണ്ടും പരിഗണിക്കുന്ന സഹാചര്യത്തിലാണ് സുപ്രീം കോടതിയുടെ തീരുമാനം. വിധി പറയാനായി സുപ്രീം കോടതി കേസ് 22ലേക്ക് മാറ്റി.

കഴിഞ്ഞ ആഴ്ചയാണ് ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ടിക് ടോക്ക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണ് എന്നാണ് മദ്രാസ് ഹൈക്കോടതി ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ടിക് ടോക്ക് വീഡിയോകള്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്നും ഈ ഉത്തരവില്‍ പറയുന്നു. എന്നാൽ വിധിക്കെതിരെ ആപ്പ് ഉടമകൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഉപയോക്താവിന് ചെറിയ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ 54 ദശലക്ഷം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

Related Articles

Latest Articles