കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് പണപ്പിരിവ് നടത്തിയതല്ലാതെ ജനങ്ങള്‍ക്ക് വേണ്ട സഹായം ഒന്നും ലഭിച്ചില്ലെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്താവനയെ പിന്തുണച്ച് ടിനിടോം. ധര്‍മ്മജന്‍ ഒരു പച്ചയായ മനുഷ്യനാണ്. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ അവന്‍റെ വികാരമാണ് അവന്‍ പങ്കുവച്ചത്.
പ്രളയ ദുരിതാശ്വാസത്തില്‍ ആരും പാര്‍ട്ടി നോക്കിയല്ല കാര്യങ്ങള്‍. ഇതിന്‍റെയെല്ലാം മേല്‍നോട്ട ചുമതല ആര്‍ക്കാണോ, അവരോടാണ് പ്രതികരിച്ചത്. ഇതില്‍ രാഷ്ട്രീയമൊന്നുമില്ല. ഒരു പ്രസ്ഥാനത്തിനും എതിരല്ല. സഹജീവികള്‍ കഷ്ടപ്പെടുന്നത് കണ്ട് ധര്‍മ്മന്‍ എന്ന വ്യക്തിയിലെ മനുഷ്യത്വമാണ് പ്രതികരിച്ചത്.
നേതാക്കള്‍ ചാനലുകളിലെ സന്ധ്യാ ചര്‍ച്ചകളില്‍ അല്ല ഇരിക്കേണ്ടത്. ആ സമയം നിങ്ങള്‍ മലപ്പുറത്തും നിലമ്പൂരിലും നേരിട്ടിറങ്ങൂ. പ്രസംഗിക്കാതെ പ്രവൃത്തിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ടിനി ടോം അറിയിച്ചു.
ദുരന്ത മുഖത്ത് കുറേപ്പേര്‍ സഹായ ഹസ്തവുമായി എത്തിയിട്ടുണ്ട്. കുറേ ആളുകള്‍ ഇനിയും ചെയ്യാന്‍ മുന്നോട്ടു വരുന്നുണ്ട്. ദിവസങ്ങള്‍ ഇനിയും പിന്നിട്ടാലേ ദുരിതാശാസ നിധിയിലെ മൊത്തം തുക സംബന്ധിച്ച് കണക്കെടുക്കാന്‍ സാധിക്കൂ. ഇത്തരത്തില്‍ ലഭിക്കുന്ന പണം കക്കാനോ അതില്‍ കുറച്ച് കൈക്കലാക്കാനോ ശ്രമം നടത്തിയാലും അത് അവരുടെ വരും തലമുറയെ തന്നെ ബാധിക്കും. അത്രയ്ക്ക് കഷ്ടപ്പാട് സഹിച്ച് വേദനിക്കുന്നവരാണ് ക്യാമ്പില്‍ ഉള്ളത്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് കോടിയാണ് നടീ നടന്മാരുടെ സംഘടനയായ അമ്മ സംഭാവന ചെയ്തത്. ട്രഷറിയില്‍ കൊണ്ടു പോയി അടച്ച പണം എന്തു ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ ആകൂ എന്ന മറുപടിയാണ് ലഭിച്ചത്. നമ്മള്‍ നല്‍കിയ പണം എന്താണ് ചെയ്തതെന്ന് അറിയാനുള്ള അവകാശം കൂടി നമുക്കില്ലേ.
അഞ്ച് കോടി രൂപ എന്ത് ചെയ്തുവെന്ന് ലാലേട്ടന്‍ അമ്മയിലെ അംഗങ്ങളെ അറിയിക്കേണ്ടതുണ്ട്. ഗവണ്‍മെന്റ് എന്ത് ചെയ്തുവെന്ന് അറിഞ്ഞാല്‍ മാത്രമേ അംഗങ്ങളോട് പറയാനാകൂ. ഇത് തന്നെയാണ് ധര്‍മ്മജന്‍ ചോദിച്ചത്. അതില്‍ കൂടുതല്‍ ആരെയും അവന്‍ കുറ്റപ്പെടുത്തിയിട്ടില്ല.
പണം എന്ത് ചെയ്തുവെന്ന് ഞങ്ങള്‍ ഇനിയും അന്വേഷിച്ചുകൊണ്ടേയിരിക്കും. സമൂഹ മാധ്യമങ്ങളില്‍ ധര്‍മ്മജനെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റില്‍ നിന്നും തന്നെ അദ്ദേഹത്തിനുള്ള ജന പിന്തുണ മനസ്സിലാക്കാം.
കഴിഞ്ഞ തവണത്തേതിന്റെ അനുഭവത്തില്‍ ഇത്തവണ നേരിട്ട് വയനാട് എത്തി സഹായം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞു. സിനിമാക്കാര്‍ വെറുതെ വീട്ടിലിരിക്കുകയാണെന്ന് കരുതരുത്. ചിലര്‍ക്ക് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ നേരിട്ടിറങ്ങിയാല്‍ ഉരുള്‍പൊട്ടലുണ്ടാക്കിയതിനേക്കാള്‍ ബ്ലോക്ക് ഉണ്ടാകും. ജോജു, ടോവിനോ എന്നിവരെപ്പോലെ നേരിട്ടിറങ്ങി പ്രവൃത്തിക്കാന്‍ കഴിയുന്നവരുണ്ട്. ഇനി നേരിട്ടിറങ്ങി പ്രവൃത്തിക്കാനാണ് സംഘടനയുടെ തീരുമാനം. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കാനും സംഘടന തീരുമാനിച്ചിട്ടുണ്ടെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ നിധിയില്‍ പണം വേഗം എത്തി. എന്നാല്‍ ഈ പണം അര്‍ഹരായ ജനങ്ങളിലേക്ക് ഇനിയും എത്തിയിട്ടില്ലെന്ന്് ധര്‍മ്മജന്‍ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ അറിയിച്ചത്. അതേസമയം ഇതിനോട് സമൂഹ മാധ്യമങ്ങളിലെ ഇടത് അനുകൂലര്‍ വളരെ മോശമായാണ് ഇതിനോട് പ്രതികരിച്ചത്.

