Monday, May 20, 2024
spot_img

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ. ശേഷൻ അന്തരിച്ചു

ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ശേഷൻറെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത്. ഈ മാറ്റങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പുരംഗത്തെ ശുദ്ധീകരിക്കുകയും അടിമുടി പരിഷ്‌കരിക്കുകയും ചെയ്തു.

ചന്ദ്രശേഖർ സർക്കാരിൻറെ കാലത്ത് 1990 ഡിസംബർ 12-നാണ് ശേഷൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായത്. ഈ പദവിയിലിരുന്ന് അദ്ദേഹം തിരഞ്ഞെടുപ്പു കമ്മിഷനെ ഉടച്ചുവാർത്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പുനടത്തിപ്പുകാരൻറെ ചുമതലയും അധികാരവുമെന്തെന്ന് രാജ്യത്തെ ബോദ്ധ്യപ്പെടുത്തിയത് ശേഷനാണ്.

തിരഞ്ഞെടുപ്പുകാലത്തെ ചുമരെഴുത്തുകൾക്ക് ശേഷൻ കർശന നിയന്ത്രണം കൊണ്ടുവന്നു. അനുവദിക്കപ്പെട്ടതിലുമേറെ തുക പ്രചാരണത്തിന് സ്ഥാനാർഥികൾ ചെലവാക്കുന്നതും നിയന്ത്രിച്ചു. വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ് എന്ന ആശയം കൊണ്ടുവന്നതും അതിൻറെ നടപടിക്രമങ്ങൾ തുടങ്ങിവെച്ചതും അദ്ദേഹമായിരുന്നു.

40,000-ത്തോളം സ്ഥാനാർഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമർപ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്തു പുറത്താക്കാൻ പാർലമെൻറ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല.

ടിഎൻ ശേഷൻ 1955 ബാച്ച് തമിഴ്‌നാട് കേഡർ ഐ എ എസ്. ഓഫീസറാണ്. 1996-ൽ രമൺ മഗ്‌സസെ പുരസ്‌കാരത്തിന് അർഹനായി. അക്കൊല്ലം രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ സ്ഥാനാർഥിയായിരുന്ന കെ ആർ. നാരായണനെതിരേ മത്സരിച്ചു. ശിവസേനയുടെ പിന്തുണയോടെ മത്സരിച്ച അദ്ദേഹം പക്ഷേ പരാജയപ്പെട്ടു.

പാലക്കാട് ജില്ലയിൽ തിരുനെല്ലായിയിലുള്ള തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷൻ ജനിച്ചത്. ശേഷൻറെ പിതാവ് അധ്യാപകനും അഭിഭാഷകനുമായിരുന്നു. രണ്ട് സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷൻറേത്. ബേസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കൻഡറി സ്‌കൂൾ, പാലക്കാട് വിക്ടോറിയ കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1955 ബാച്ചിൽ ഐ എ എസ് ലഭിച്ച ശേഷം ഫെല്ലോഷിപ്പ് നേടി ഹാർവാർഡ് സർവകലാശാലയിലും അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്നു. പരേതയായ ജയലക്ഷ്മിയാണ് ഭാര്യ. മക്കളില്ല.

Related Articles

Latest Articles