Saturday, May 4, 2024
spot_img

ജനമനസ്സിൽ യശസ്സുയർത്തിയ നേതാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മരണമില്ല ;ഇന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്‌മൃതി ദിനം

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ വീര പടനായകൻ, ജനഹൃദയങ്ങളെ കോരിത്തരിപ്പിച്ച വിപ്ലവകാരി. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാൻ പട പൊരുതിയ ധീര ദേശാഭിമാനി… !
ബ്രിട്ടീഷുകാരുടെ കാൽക്കൽ കിടന്ന് ജീവിക്കുന്ന സ്വാതന്ത്ര്യമല്ല ഭാരതത്തിന് വേണ്ടത്, പൂർണ്ണ സ്വരാജ്യസ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ബ്രിട്ടീഷ് സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്ന പോരാളി…! ഇന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്‌മൃതി ദിനം.

അടിമത്ത ഭാരതത്തിന്റെ രക്ഷക്കായി ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന പേരില്‍ ഭാരതീയമായ സൈനിക വ്യൂഹം ഉണ്ടാക്കിയ സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി 23നാണ് ജനിച്ചത്. ഒഡീഷയിലെ കട്ടക്കില്‍ ജാനകി നാഥ് ബോസിന്റേയും പ്രഭാവതീ ദത്ത് ബോസിന്റെയും മകനായിട്ടാണ് ജനനം.14 മക്കളില്‍ 9-ാമനായിരുന്നു സുഭാഷ് ബോസ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തില്‍ ഉജ്വലമായ പോരാട്ട വീര്യം കൊണ്ടും ഒപ്പം ഇന്നും തെളിയിക്കപ്പെടാത്ത തിരോധാനം കൊണ്ടും ശ്രദ്ധേയമാണ് നേതാജിയുടെ ജീവിതം. 1945 ആഗസ്റ്റ് 18ന് സുഭാഷ് ചന്ദ്രബോസ് മരണപ്പെട്ടതായാണ് നിലവില്‍ കരുതപ്പെടുന്നത്.

ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യക്ക് പുറത്തുനിന്ന് ഏങ്ങനെ മറ്റ് രാജ്യങ്ങളെ കൂട്ടുപിടിച്ച് പോരാടാം എന്ന രാജ്യാന്തര യുദ്ധതന്ത്രം ആദ്യമായി പയറ്റി വിജയിച്ചയാളായിരുന്നു സുഭാഷ് ബോസ്. ആസാദ് ഹിന്ദ് ഫൗജ് എന്ന് ഹിന്ദിയില്‍ പേരിട്ടുവിളിച്ച തദ്ദേശീയ സൈന്യത്തിലേക്ക് സായുധ സ്വാതന്ത്ര്യ സമരത്തില്‍ ഉറച്ചുവിശ്വസിച്ച നിരവധിപേര്‍ ചേര്‍ന്നു. അന്നത്തെ ഇന്ത്യന്‍ യുവത്വം ഏറ്റവും ആരാധിച്ചിരുന്ന സ്വാതന്ത്ര്യ സമരനേതാവും സുഭാഷ് ചന്ദ്രബോസായിരുന്നു.

മാത്രമല്ല മികച്ച വിദ്യാര്‍ത്ഥിയായി തിളങ്ങിയ സുഭാഷ് കൊല്‍ക്കത്തയിലെ പ്രസിദ്ധമായ പ്രസിഡന്‍സി കോളേജിലാണ് പഠിച്ചത്. എന്നാല്‍ ഇന്ത്യാവിരുദ്ധപരാമര്‍ശവും വംശീയവിദ്വേഷവും പ്രകടിപ്പിച്ച ഒരു പ്രൊഫസറെ ആക്രമിച്ചതിന്റെ പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് സക്കോട്ടിഷ് ചര്‍ച്ച് കോളേജില്‍ നിന്ന് ബി.എ. ഫിലോസഫി പഠനം പൂര്‍ത്തിയാക്കി. അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി അന്നത്തെ സിവില്‍ സര്‍വ്വീസായ ഐസിഎസിനായി ലണ്ടനിൽ പോവുകയും നാലാമനായി മികച്ച രീതിയില്‍ പാസ്സാവുകയും ചെയ്തു. എന്നാല്‍ ബ്രിട്ടീഷുകാരന്റെ അടിമപ്പണി ചെയ്യില്ലെന്ന ശപഥമെടുത്താണ് പദവികള്‍ വലിച്ചറിഞ്ഞ് സ്വാതന്ത്ര്യ സമരത്തിലേക്ക് തന്റെ ജീവിതം ഹോമിച്ചത്. പ്രസിദ്ധ വിപ്ലവകാരി ചിത്തരഞ്ജന്‍ ദാസിന്റെ കീഴിലാണ് സുഭാഷ് ബോസ് സ്വാതന്ത്ര്യ സമര പോരാട്ടം തുടങ്ങിയത്. അതിനൊപ്പം സ്വരാജ് എന്ന പത്രവും ആരംഭിച്ചു.

1941ല്‍ വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ട് അഫാഗാനിസ്ഥാന്‍ റഷ്യവഴി ജര്‍മ്മനിയിലേക്കെത്തിയ സുഭാഷ് ആസാദ് ഹിന്ദ് റേഡിയോ ആരംഭിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടി. 7 ഓളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന സുഭാഷ് ബോസ് റേഡിയോ പ്രക്ഷേപണത്തിലൂടെ ബ്രിട്ടന്റെ ക്രൂരതകള്‍ തുറന്നുകാട്ടി.1943ല്‍ ജപ്പാനിലെത്തിയതോടെ ബ്രിട്ടീഷുകാർക്കെതിരെ സായുധപോരാട്ടത്തിന് ഒരുക്കങ്ങൾ തുടങ്ങി.

40,000 പേരെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി സുഭാഷ് ബോസ് ജപ്പാന്റെ സഹായത്താല്‍ പരിശീലിപ്പിച്ച് തയ്യാറാക്കിയത്. ജപ്പാൻ സൈന്യത്തിന്റെ കൂടെ സഹായത്താല്‍ സിംഗപ്പൂരിലേക്കും പിന്നീട് ഇന്നത്തെ മ്യാന്‍മറിലേക്കും എത്തിയ സുഭാഷിന്റെ ഐഎന്‍എ സൈന്യം അസാമിലെ പോരാട്ടത്തില്‍ ബ്രിട്ടണെതിരെ ശക്തമായി പോരാടി. ബ്രിട്ടണ്‍ സിംഗപ്പൂര്‍ പിടിച്ചതോടെ കീഴടങ്ങാതെ രക്ഷപെട്ട സുഭാഷ് സോവിയറ്റ് യൂണിയന്റെ ബ്രിട്ടീഷ് വിരോധം മുതലാക്കി മഞ്ചൂറിയയിലേക്ക് കടന്നു. എന്നാല്‍ യാത്രക്കിടെ തായവാനിലെ വിമാനാപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് മരണമടഞ്ഞതായാണ് കരുതപ്പെടുന്നത് . അന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ രേഖകള്‍ ഇന്ത്യന്‍ സ്വാതന്ത്രസമരസേനാനികളുടെ മനോവീര്യം തകര്‍ക്കാനാണെന്നും സുഭാഷ് ബോസ് മരിച്ചിട്ടില്ലെന്നും വേഷം മാറി ഇന്ത്യയിലെത്തിയെന്നുമുള്ള നിരവധി സൂചനകളും അടുത്തകാലത്ത് വെളിച്ചത്തുവന്നിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് 1920 കളിലെ സുപ്രധാന നേതാക്കളായ ബാലഗംഗാധര തിലകന്‍, മഹാത്മാ ഗാന്ധി, ഡോ. ഹെഡ്‌ഗേവാര്‍, വീര്‍സവര്‍ക്കര്‍ എന്നിവരോട് നിരന്തര ബന്ധമുണ്ടായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവ നേതാവ് ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച സൈനിക നേതാവായി മാറിയത് ഇന്ത്യൻ സായുധ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണ്.

“നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” മറക്കാൻ പറ്റുമോ ഈ വാക്കുകൾ….! ഇന്ന് ദുരൂഹമായി തുടരുന്ന ഒന്നാണ് അദ്ദേഹത്തിന്റെ മരണം. ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ തത്വമയി ന്യൂസിന്റെ പ്രണാമം

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles