Friday, May 3, 2024
spot_img

‘ഭാരതീയരെ മുഴുവൻ ക്രിക്കറ്റ് കളി കാണാൻ പ്രേരിപ്പിച്ച അപൂർവ്വ പ്രതിഭ, ഇതിഹാസത്തിന് ഇന്ന് പിറന്നാൾ

1973 ഏപ്രില്‍ 24നാണ് ക്രിക്കറ്റിന് വേണ്ടി സച്ചിൻ പിറവി കൊണ്ടത്. പിന്നീട് ഒരു രാജ്യത്തിന്റെ പ്രതീക്ഷയും ചങ്കിടിപ്പുമായി സച്ചിൻ വളര്‍ന്നു. ക്രിക്കറ്റ് എന്ന കളിയെ കോടിക്കണക്കിന് ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്തത് അയാള്‍ കാരണമായിരുന്നു. ആ ഒരാളായിരുന്നു ഇന്ത്യക്കാര്‍ക്ക് എല്ലാം. അയാള്‍ കളിക്കാനിറങ്ങുമ്പോള്‍ അവര്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ക്രീസിനോട് വിട പറയുമ്പോള്‍ കണ്ണീരണിഞ്ഞിട്ടുമുണ്ട്. അവര്‍ ആ കൊച്ചു മനുഷ്യനെ ദൈവമെന്ന് വിളിച്ചു.കളിക്കളത്തിന് അകത്തും പുറത്തും സൗമ്യതയുടെ ആള്‍രൂപം. വിമര്‍ശകരെ പ്രകടനത്തിലൂടെ നിശബ്ദമാക്കിയവന്‍, നേട്ടങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയിട്ടും കൈമോശം വരാത്ത എളിമയായിരുന്നു സച്ചിന്റെ മുഖമുദ്ര. ആരാവണം എന്ന ചോദ്യത്തിന് അന്നും ഇന്നും എല്ലാ കുട്ടികളും ഒരേ സ്വരത്തില്‍ നല്‍കിയിരുന്നത് ഒരേ ഒരു ഉത്തരം, ‘സച്ചിനാവണം’.

പുതുതലമുറയ്ക്ക് ഏറെ കണ്ടുപടിക്കാനുണ്ട് സച്ചിന്‍ എന്ന കളിക്കാരനില്‍ നിന്നും, സച്ചിന്‍ എന്ന മനുഷ്യനില്‍ നിന്നും. ഡിആര്‍എസ് പോലെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളില്ലാത്ത കാലത്ത് അമ്പയറുടെ തെറ്റായ തീരുമാനങ്ങള്‍ക്ക് പലപ്പോഴും ക്രീസ് വിടേണ്ടി വന്നിട്ടുണ്ട് സച്ചിന്. എന്നാല്‍ അദ്ദേഹം പരാതിയോ പരിഭവമോ പറഞ്ഞില്ല, പുഞ്ചിരിച്ചുകൊണ്ട് നടന്നകലുകയായിരുന്നു. സച്ചിനെ ക്രിക്കറ്റിന്റെ ദൈവം എന്ന് വിളിച്ചതില്‍ ദൈവത്തിനു പോലും പരിഭവമുണ്ടാകാന്‍ സാദ്ധ്യതയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഷോട്ടുകളിലെ വൈവിധ്യം, സൗന്ദര്യം, കോപ്പി ബുക്ക് ശൈലി ഇവയെല്ലാമാണ് സച്ചിനെന്ന താരത്തെ ക്രിക്കറ്റ് ആരാധകരുടെ ദൈവമാക്കിയത്. ആക്രമണോത്സുകത വേണമെങ്കില്‍ അങ്ങനെ, ശാന്തമായ ഇന്നിംഗ്‌സ് വേണമെങ്കില്‍ അങ്ങനെ, സച്ചിനെന്ന ഇതാഹാസത്തിന് എല്ലാം വഴങ്ങും. സ്‌ട്രെയ്റ്റ് ഡ്രൈവ് പെര്‍ഫെക്ട് ആകണമെങ്കില്‍ സച്ചിന്റെ ബാറ്റ് വേണം.

അനായാസമെന്ന് തോന്നിപ്പിക്കുന്ന ഫ്‌ളിക്കുകള്‍, ഗ്ലാന്‍സുകള്‍, പുള്ളുകള്‍, ബാക്ക് ഫൂട്ട് ഓഫ് ഡ്രൈവുകള്‍, മനംമയക്കും കവര്‍ ഡ്രൈവുകള്‍, വന്യമായ സ്‌ക്വയര്‍ കട്ടുകള്‍, കീപ്പറുടെ മുകളില്‍ കൂടി പന്തിനെ തഴുകി വിടുന്ന അപ്പര്‍ കട്ടുകള്‍, സ്പിന്‍ ബൗളറുടെ വീര്യം കെടുത്തുന്ന പാഡില്‍ സ്വീപ്പ് അങ്ങനെ സച്ചിന്റെ ആവനാഴിയിലെ അസ്ത്രങ്ങള്‍ അനവധിയായിരുന്നു. ഇനിയും വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോകും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരായിരുന്നു എന്ന് അറിയാത്ത വരുംതലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ നമ്മുടെ മുന്നില്‍ കഥകള്‍ ഒരുപാടുണ്ട്. സച്ചിന്‍ ഔട്ട് ആയാല്‍ ടിവി ഓഫ് ആക്കിയിരുന്ന കാലത്തെ കുറിച്ച്, സച്ചിന്റെ ബാറ്റിംഗ് കാണാന്‍ നിശ്ചലമാകുമായിരുന്ന ഘടികാരത്തിലെ സമയത്തെ കുറിച്ച്, സച്ചിനെന്ന മഹാനായ വ്യക്തിയെ കുറിച്ച്..അങ്ങനെ നീണ്ടുപോകുന്നു സച്ചിനോടുള്ള ഭാരതീയരുടെ സ്‌നേഹം

Related Articles

Latest Articles