Tuesday, May 14, 2024
spot_img

ഇന്ന് പറയുന്നത് മാറ്റി പറയാൻ മടിയില്ലാത്തവരാണ് കേരളം ഭരിക്കുന്നത്; UCC വരും; എല്ലാം ശരിയാകും !

കേരളത്തില്‍ അങ്ങിനെയാണ്. കേന്ദ്രം എന്തെങ്കിലും പദ്ധതി കൊണ്ടുവരികെയാണെങ്കിൽ അത് എന്താണെന്നോ ഒന്നും അന്വേഷിക്കാതെ നഖശിഖാന്തം എതിർക്കുന്നവരാണ് കേരളത്തിലെ കമ്മികളും കോൺഗ്രസ്സുകാരും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏകീകൃത സിവിൽ കോഡിനെതിരെ ഇന്നലെ നിയമസഭയിൽ പാസാക്കിയ പ്രമേയം. എല്ലാ മതവിഭാഗങ്ങൾക്കും തുല്യനീതി ലക്ഷ്യമിട്ട് കേന്ദ്രം നടപ്പിലാക്കാനൊരുങ്ങുന്ന ഏകീകൃത സിവിൽ കോഡിനെതിരെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം കോൺഗ്രസും പിന്താങ്ങിയിരുന്നു.

ഭരണഘടന അതിന്റെ നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമാണ് പൊതു സിവില്‍ നിയമത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത്. നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമായി ഇതു പരിമിതപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. കാരണം, നടപ്പാക്കണമെന്ന നിര്‍ബന്ധ സ്വഭാവമുള്ളവയല്ല നിര്‍ദ്ദേശക തത്വങ്ങള്‍. മൗലികാവകാശങ്ങള്‍ നിര്‍ബന്ധിതമായി നടപ്പാക്കാന്‍ കോടതിക്കു കല്പിക്കാം. എന്നാല്‍, കോടതിക്ക് പോലും നിര്‍ബ്ബന്ധിതമായി നടപ്പാക്കണം എന്ന് കല്പിക്കാനാവാത്തതാണു ഭരണഘടനയുടെ 44ാം അനുച്ഛേദത്തിലെ നിര്‍ദ്ദേശക തത്വങ്ങള്‍. ഭരണഘടനാ ശില്പികള്‍ എത്രമേല്‍ ആലോചിച്ചാണിങ്ങനെ ചെയ്തത് എന്നും എന്തുകൊണ്ടാണിങ്ങനെ ചെയ്തത് എന്നും മനസ്സിലാക്കണം. ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്കുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തില്‍ വിശ്വസിക്കാനും അതിന്‍ പ്രകാരം ജീവിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നല്‍കുന്നു. ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ആ മതസ്വാതന്ത്ര്യം മതപരമായ വ്യക്തിനിയമങ്ങള്‍ അനുസരിക്കാനും ജീവിതത്തില്‍ ആചരിക്കാനുമുള്ള അവകാശത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണെന്നിരിക്കെ, ആ ആചരിക്കലിനെ വിലക്കുന്ന നിയമനിര്‍മ്മാണം, ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ നിഷേധവും ലംഘനവുമാവും. സ്വന്തം മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കുക എന്നതു മൗലികമായ വ്യക്തി സ്വാതന്ത്ര്യമായിരിക്കെ, അതു നിഷേധിക്കലാവും.

ഭരണഘടനയുടെ 44ാം അനുച്ഛേദത്തില്‍ പറയുന്നത് ഒരു പൊതുസിവില്‍ നിയമ സംഹിത സംപ്രാപ്തമാക്കുവാന്‍ രാഷ്ട്രം യത്‌നിക്കേണ്ടതാണ് എന്നു മാത്രമാണ്. അഭിപ്രായസമന്വയത്തിലൂടെ, വ്യത്യസ്ത മതവിഭാഗങ്ങളുമായുള്ള ആശയസംവാദത്തിലൂടെ കാലക്രമത്തില്‍ മാത്രം സാധിക്കേണ്ടതാണത് എന്നതാണ് അതിന്റെ സൂചന. അത്തരത്തിലുള്ള ഒരു ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ കരട് തയ്യാറാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. അതിനുമുന്നേയാണ് കേരളത്തിന്റെ പ്രമേയം എന്നതാണ് ശ്രദ്ധേയം. കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക എന്ന് കേട്ടിട്ടില്ലേ. അതുപോലെയായി ഇരുമുന്നണികളുടെയും കേന്ദ്രവിരോധം. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ തന്നെ ഏക സിവില്‍ നിയമത്തെ സംബന്ധിച്ച വ്യത്യസ്താഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ആ അവസരത്തില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഇക്കാര്യത്തിലെടുത്ത നിലപാട് ശ്രദ്ധേയമാണ്. ഇന്ത്യയുടെ സങ്കീര്‍ണമായ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങളുടെ സമന്വയത്തെ ശക്തമാക്കുന്നതുമായിരുന്നു അംബേദ്കറുടെ നിലപാട്. വൈവിധ്യത്തിലെ ഏകത്വത്തെ അംഗീകരിക്കുന്നതായിരുന്നു അത്.

വ്യക്തിനിയമങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം പൗരജനങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പൊതു സിവില്‍ നിയമത്തിനായി വേണമെങ്കില്‍ പാര്‍ലമെന്റിനു ശ്രമിക്കാമെന്നു പറഞ്ഞ അംബേദ്കര്‍ അതുപോലും നിര്‍ബ്ബന്ധമായി വേണമെന്നു ശഠിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്തെന്ന് നോക്കാന്‍ പോലും നില്‍ക്കാതെ മുഖ്യമന്ത്രി പ്രമേയം കൊണ്ടുവന്നു. ചാടിക്കയറി പ്രതിപക്ഷം താങ്ങി. അതേസമയം, എണ്‍പതുകളില്‍ സിപിഎം മുഴക്കിയ മുദ്രാവാക്യമുണ്ട്. അത് കംപ്യൂട്ടറിനെതിരായിരുന്നു. വളരെ വലിയ പ്രചരണമായിരുന്നു അന്നവര്‍ നടത്തിയിരുന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടേണ്ടിവരും, മുതളാളിത്തത്തിന്റെ സന്തതിയാണ് കംപ്യൂട്ടര്‍, അടുത്ത 5 വര്‍ഷം കൊണ്ട് തൊഴില്‍രംഗം തകരും. തുടങ്ങി വമ്പന്‍ പ്രസംഗങ്ങളും പ്രചരണവും സഖാക്കള്‍ നടത്തിയിരുന്നു. മഹാ ‘ബുദ്ധിജീവികളും’ എസ്എഫ്ക്കാരുമായിരുന്നു മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. പല മന്ത്രിമാരും എംഎല്‍എമാരും മുന്‍മന്ത്രിമാരുമെല്ലാം അതിന്റെ സമര നായകരായിരുന്നു. പഴയ ദേശാഭിമാനി പത്രവും ചിന്താ വാരികയും എടുത്ത് നോക്കിയാല്‍ മതി. ഇതിന്റെ തെളിവുകൾ നമുക്ക് കാണാം. എന്നാൽ, ഇന്ന് കമ്പ്യൂട്ടറുകള്‍ ഇല്ലാതെ ഒരു നിമിഷം ലോകത്തിന് ചലിക്കുവാന്‍ കഴിയില്ല. ഒരാളുടേയും തൊഴില്‍ നഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല, കോടി കണക്കിന് തൊഴിലവസരങ്ങള്‍ വന്നു. സമസ്ത മേഖലകളിലും കമ്പ്യൂട്ടര്‍ അനിവാര്യമായി മാറി. അനുബന്ധമായി ഇന്റര്‍നെറ്റ് വന്നു. ലോകം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാക്ക് വിശ്വസിച്ചിരുന്നെങ്കിലോ? എന്താകുമായിരുന്നു അവസ്ഥ.

അതേസമയം, ട്രാക്ടര്‍ വന്നപ്പോഴും കൊയ്തു യന്ത്രം വന്നപ്പോഴും സഖാക്കള്‍ ചെയ്തത് കുറച്ചു കൂടി അക്രമമാര്‍ഗ്ഗമായിരുന്നു. നിരവധി കൊയ്തു യന്ത്രങ്ങളും ട്രാക്ടറുകളും സഖാക്കള്‍ കത്തിച്ചു. പലതിനേയും പാടങ്ങളില്‍ ഇറക്കാന്‍ അനുവദിച്ചില്ല. കര്‍ഷകസംഘവും സിപിഎം കൊടി പിടിച്ചാണ് എതിര്‍ത്തത്. എന്നാൽ, ട്രാക്ടറും കൊയ്ത്ത് യന്ത്രവും വന്നതോടു കൂടിയാണ് ഭാരതത്തിന്റെ കാര്‍ഷിക രംഗം അഭിവൃദ്ധിപ്പെട്ടതും ഭക്ഷ്യോത്പാദനം വര്‍ദ്ധിച്ചതും. ഇന്ന് നാം ഭക്ഷ്യോത്പാദന രംഗത്ത് സ്വയം പര്യാപ്തതയില്‍ ആണെന്നു മാത്രമല്ല, അവ വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. കൂടാതെ, ടിപ്പര്‍ ലോറി വന്നപ്പോള്‍ സിഐടിയുവിന്റെ നേതൃത്വത്തിലായിരുന്നു സമരം. എസ്എഫ്‌ഐക്കാരനും കൂടെ ചേര്‍ന്ന് നൂറു കണക്കിന് കെഎസ്ആര്‍ടിസി ബസ്സുകള്‍ നശിപ്പിച്ചു. നിരവധി പൊതുമുതലുകള്‍ നശിപ്പിച്ചു. നൂറുകണക്കിന് വിദ്യാഭ്യാസ ദിനങ്ങള്‍ നഷ്ടപ്പെടുത്തി പതിനായിര കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ഇല്ലാതാക്കി. നിരവധി അധ്യാപകരെ കണ്ണീര്‍ കുടിപ്പിച്ചു. 5 ഡിവൈഎഫ്‌ഐക്കാരെ രക്തസാക്ഷിയാക്കി. എന്നിട്ടും സഖാക്കള്‍ സ്വാശ്രയ കോളജ് കൊണ്ടുവന്നു. ചിലത് ഭരിക്കുന്നു. ഇതൊക്കെയാണ് അവസ്ഥ. ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയാന്‍ ഒരുമടിയും മനസാക്ഷിക്കുത്തുമില്ലാത്തപാര്‍ട്ടിയാണ് സി.പി.എം. അതിന്റെ തനിപ്പകര്‍പ്പായിമാറിയിരിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷവും.

Related Articles

Latest Articles