Friday, December 12, 2025

ഓർമ്മകളിൽ മാത്രം ഇനി ആ ‘അമ്മ മുഖം’…! മലയാള സിനിമയുടെ പൊന്നമ്മയ്ക്ക് കേരളക്കര ഇന്ന് വിട ചൊല്ലും; പൊതുദർശനം രാവിലെ 9 മുതൽ കളമശേരി ടൗൺഹാളിൽ; സംസ്‌കാരം ആലുവയിലെ വീട്ടിൽ

എറണാകുളം: അന്തരിച്ച മുതിർന്ന നടി കവിയൂർ പൊന്നമ്മയ്ക്ക് കേരളക്കര ഇന്ന് വിടചൊല്ലും. ഇന്ന് വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം സംസ്‌കരിക്കുക. നിലവിൽ മൃതദേഹം എറണാകുളം ലിസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ എട്ട് മണിയോടെ ഇവിടെ നിന്നും മൃതദേഹം കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലേയ്ക്ക് കൊണ്ട് വരും. ഇവിടെയാണ് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സിനിമാ താരങ്ങള്‍ ഇവിടെയെത്തി ആദരാഞ്ജലി അര്‍പ്പിക്കും.

രാവിലെ ഒൻപത് മണി മുതൽ 12 വരെയാണ് മുനിസിപ്പൽ ടൗൺഹാളിൽ ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കുക. ശേഷം ഇവിടെ നിന്നും സംസ്‌കാര ചടങ്ങുകൾക്കായി ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാല് മണിയോടെയാകും സംസ്‌കാരം നടക്കുക. ഔദ്യോഗിക ബഹുമതികളോടെയാകും ചടങ്ങുകൾ.

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചര മണിയോടെയായിരുന്നു കവിയൂർ പൊന്നമ്മ അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സിനിമയിൽ നിന്നും ഏറെ നാളായി വിട്ടുനിൽക്കുകയായിരുന്നു കവിയൂർ പൊന്നമ്മ. ഇതിനിടെ കഴിഞ്ഞ മെയിൽ അർബുദബാധ സ്ഥിരീകരിച്ചു. ഇത് ആരോഗ്യനില മോശമാക്കി. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലമായി ഐസിയുവിൽ കഴിയുകയായിരുന്നു.

Related Articles

Latest Articles