ഇന്ന് മേയ് 31. ലോക പുകയില വിരുദ്ധ ദിനം. പുകയിലയുടെ ദൂഷ്യത്തെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനും അതിന്റെ ഉപയോഗം കുറച്ചുകൊണ്ടു വരുന്നതിനും വേണ്ടി ഈ ദിനം ആചരിക്കുന്നു. പരസ്യമായുള്ള പുകവലി നിരോധനവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ കേരളത്തിലും സ്ത്രീകൾക്കിടയിൽ വരെ പുകവലി വർധിക്കുന്നതായാണ് പഠനം. പാൻപരാഗ് ഗുഡ്ക പോലുള്ള ചവയ്ക്കുന്ന പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണവും വർധിക്കുന്നതായാണ് ആരോഗ്യവിദഗ്ധരുടെ നിരീക്ഷണം.
ആദ്യമായി 1987 ൽ ആണ് പുകയില വിരുദ്ധ ദിനം ആചരിച്ചത്… ശ്വാസകോശം സ്പോഞ്ജ് പോലെ ആണെന്നുള്ള പരസ്യം കേരളത്തിലെ കൊച്ചുകുട്ടികൾക്ക് പോലും കാണാപാഠം ആണെങ്കിലും ഇന്നും പുകയിലയെ മലയാളിക്ക് അകറ്റി നിർത്താൻ ആയിട്ടില്ല എന്നതാണ് യാഥാർഥ്യം.. ഇതിനെ ശരി വെക്കുന്നതാണ് ശ്വാസകോശ അർബുദ നിരക്കുകളും,പാൻപരാഗ്, ഹാൻസ് പോലെ ഉള്ള വായിൽ വെച്ച് ചവക്കുന്ന പുകയില ഉത്പന്ന ഉപയോഗം മൂലം ഉള്ള വായിലെ അർബുദവും… ഇതര സംസ്ഥാന തൊഴിലാളികൾക്കു ഒപ്പം തന്നെ മലയാളി യുവാക്കളിലും വായിലെ അർബുദനിരക്കുകൾ കൂടി വരികയാണ്.
അപകടസാധ്യയില്ലെന്ന പരസ്യങ്ങളോടെയാണ് സ്ത്രീകളെ ലക്ഷ്യമിട്ടുള്ള സിഗരറ്റ് ബ്രാൻഡുകൾ വിപണി കീഴടക്കിയിരിക്കുന്നത്. സ്ത്രീകളിലെ ശ്വാസകോശ അർബുദനിരക്കിലെ വർധനയ്ക്കുള്ള ഒരു കാരണം പുകവലി തന്നെ. ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം വർധിച്ചതോടെ പാൻപരാഗ് ഗുഡ്ക എന്നിങ്ങനെയുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളും കേരളത്തിൽ സുലഭമാണ്. യുവാക്കളാണ് ഇതിന്റെ ആവശ്യക്കാർ. ചെറുപ്പക്കാർക്കിടയിൽ വായിൽ അർബുദം ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട് .

