വയനാട് :മലയോര ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മാനന്തവാടി ടൗണിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രണ്ട് മാസത്തേക്ക് നിയന്ത്രണമേർപ്പെടുത്താനാണ് നഗരസഭയുടെ നീക്കം. ഓവുചാലുകൾ നിർമിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എരുമത്തെരുവിൽ നിന്ന് മാനന്തവാടിയിലേക്കുള്ള റോഡിന്റെ ഇടതുവശത്ത് ഓവുചാൽ നിർമാണം പൂർത്തിയായി.റോഡിന്റെ വലതുവശത്തുള്ള ഓവുചാലിന്റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. റോഡ് നിർമാണം നടക്കുന്നതിനാൽ മിക്ക സമയങ്ങളിലും ഗാന്ധി പാർക്ക് മുതൽ എരുമത്തെരുവ് വരെ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്. ഇതൊഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
എരുമത്തെരുവ് ഭാഗത്ത് നിന്ന് മാനന്തവാടി ടൗണിലേക്ക് വരുന്ന ബസുകൾ അടക്കമുള്ള വാഹനങ്ങൾ എരുമത്തെരുവ് മാർക്കറ്റിന് സമീപത്ത് നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ചെറ്റപ്പാലം ബൈപ്പാസ് വഴി ടൗണിലേക്ക് പ്രവേശിക്കണം.ചെറ്റപ്പാലത്ത് നിന്ന് ബൈപ്പാസ് വഴി എരുമത്തെരുവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. മാനന്തവാടി ടൗണിൽ നിന്ന് എരുമത്തെരുവ് ഭാഗത്തേക്ക് വൺവേയായി വാഹനങ്ങൾ കടത്തി വിടും
എരുമത്തെരുവ് ഭാഗത്ത് നിന്ന് വരുന്ന ആംബുലൻസ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങൾക്ക് കണിയാരം ഫാ. ജികെഎം ഹയർസെക്കൻഡറി സ്‌കൂൾ-ചൂട്ടക്കടവ് റോഡ് വഴി ടൗണിലേക്ക് പ്രവേശിക്കാം.

