Tuesday, May 14, 2024
spot_img

പൊങ്കാല ലഹരിയിൽ അനന്തപുരി;ആറ്റുകാൽ പൊങ്കാല നാളെ ,തലസ്ഥാനത്ത് ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലമ്മയ്ക്ക് നാളെ പൊങ്കാല.ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ന​ഗരത്തിൽ ഇന്ന് ഉച്ചമുതൽ ​ഗതാ​ഗത നിയന്ത്രണം. ഇന്ന് രണ്ട് മണി മുതൽ നാളെ വൈകുന്നേരം വരെ ഹെവി വാഹനങ്ങള്‍ ചരക്കു വാഹനങ്ങള്‍ തുടങ്ങിയവക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. ഫു‍ട്പാത്തിൽ അടുപ്പുകൾ കൂട്ടാൻ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ വാർത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. അതേസമയം വാഹനങ്ങള്‍ പോലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളിൽ മാത്രമേ പാർക്ക് ചെയ്യാൻ കഴിയുകയുള്ളു.

പൊങ്കാല പ്രമാണിച്ച് റെയിൽവേയും സ്‌പെഷ്യൽ സർവ്വീസുകൾ അനുവദിച്ചിട്ടുണ്ട്. നാളെ നാ​ഗർകോവിലിലേക്കും എറണാകുളത്തേക്കും അധിക സർവ്വീസുകൾ ഉണ്ടാകും.നാളെ പുലർച്ചെ 1.45-ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കോട്ടയം വഴി പ്രത്യേക ട്രെയിൻ ഉണ്ടാകും. ഉച്ചയ്‌ക്ക് 2.45-ന് തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കും ട്രെയിൻ സർവീസുണ്ട്. വൈകുന്നേരം 3.30-ന് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്കും പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും.
തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക ട്രെയിനുകൾക്ക് പുറമേ കൂടുതൽ കോച്ചുകളും അധിക സ്‌റ്റോപ്പുകളും ഒരുക്കും. അൺറിസർവ്ഡ് എക്‌സ്പ്രസുകൾക്കാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ,രണ്ട് ജനറൽ കോച്ചുകൾ അധികമായി അനുവദിച്ചത്.

നാളെ രാവിലെ 10.30നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്നു മേൽശാന്തി പി. കേശവൻ നമ്പൂതിരിക്കു കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും. ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണു നിവേദ്യം. പണ്ടാര അടുപ്പിൽ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ഭക്തർ തയാറാക്കിയ നിവേദ്യങ്ങളിലും തീർത്ഥം പകരും.

Related Articles

Latest Articles