Thursday, January 8, 2026

സമാനതകൾ ഇല്ലാത്ത ദുരന്തം !! സിഗ്നൽ തകരാറോ അട്ടിമറിയോ?

രാജ്യത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 കടന്നു. സംഭവത്തിൽ 900ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്താണ് രാജ്യത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് മറിഞ്ഞ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം, നിരവധി പേർ തകർന്ന കോച്ചുകൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമാണ് ഇന്നലെ ഒഡിഷയിൽ സംഭവിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിൻ പുറപ്പെട്ടത്. ഇന്ന് വൈകീട്ട് 4.50നാണ് ട്രെയിൻ ചെന്നൈയിൽ എത്തേണ്ടിയിരുന്നത്. എന്നാൽ വൈകീട്ട് 6.30ഓടെ അപകടമുണ്ടാവുകയായിരുന്നു. ഒഡീഷ ഫയർ സർവീസ് മേധാവി സുധാംശു സാരംഗിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ദേശീയ ദുരന്തനിവാരണസേനയുടെ 22 അംഗ സംഘവും സ്ഥലത്തുണ്ട്. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം, തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. അന്തിക്കാട് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു എന്നിവർക്കാണ് പരിക്കേറ്റത്. ഒരു ക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് സംഘം ട്രെയിൻ അപകടത്തിൽപ്പെട്ടത്. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സംഭവത്തെ തുടർന്ന് സർക്കാർ തലത്തിൽ ഉള്ള ആഘോഷ പരിപാടികളെല്ലാം റദ്ദാക്കി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ച പ്രധാനമന്ത്രി ഈ അവസരത്തിൽ താൻ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിനൊപ്പം നിൽക്കുന്നതായും വ്യക്തമാക്കി. കൂടാതെ കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായി അറിയിച്ച പ്രധാനമന്ത്രി സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരന്തത്തെ തുടർന്ന് ​ഗോവ-മുംബൈ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം റദ്ദാക്കിയിരിക്കുകയാണ്. അതേസമയം, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റെയിൽവേ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകും.

Related Articles

Latest Articles