Sunday, May 19, 2024
spot_img

കോവിഡ് കാലത്ത് ഉയർന്ന വെല്ലിവിളികൾ നേരിട്ട്, ബോർഡിനെ പ്രതിസന്ധികളില്ലാത്ത നിലയിലെത്തിച്ചു; വരുമാന വർദ്ധനവിനുതകുന്ന നടപടികൾ സ്വീകരിച്ചതിൽ സംതൃപ്‌തി; കാലാവധി പൂർത്തിയാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പടിയിറങ്ങി

തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പടിയിറങ്ങുന്നു. 2021 ലാണ് അദ്ദേഹം ചുമതലയേറ്റത്. കോവിഡ് കാലത്ത് നേരിട്ട വെല്ലുവിളികൾ പരിഹരിച്ച് ബോർഡിന്റെ വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കി സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച ശേഷമാണ് പടിയിറക്കമെന്ന് ബോർഡ് ആസ്ഥാനത്തു നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ജീവനക്കാരുന്ടെ ശമ്പള കുടിശ്ശികയും മറ്റും തീർത്തു. വരുമാനം വർദ്ധിപ്പിക്കാനായി ക്ഷേത്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കി. ബോർഡിൻറെ കീഴിലുള്ള 1255 ക്ഷേത്രങ്ങളുടെയും ഭാഗമായുള്ള ഓഡിറ്റോറിയങ്ങളിൽ നിന്നും കടമുറികളിൽ നിന്നും വരുമാന വർദ്ധനവ് ഉറപ്പാക്കി. ക്ഷേത്ര വസ്തുക്കൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ക്ഷേത്രങ്ങളുടെ ഭൂമി ഏക്കറുകളോളം സ്വകാര്യ വ്യക്തികൾ കയ്യേറിയിട്ടുണ്ട്. ഇതിൽ കഴിഞ്ഞ രണ്ടു വർഷക്കാലം കൊണ്ട് 18 ഏക്കർ ഭൂമി സംസ്ഥാനത്ത് തിരിച്ചുപിടിച്ചു. ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിനായുള്ള മുന്നൊരുക്കങ്ങൾ ഏതാണ്ട് പൂർത്തീകരിച്ചാണ് പടിയിറങ്ങുന്നതെന്നും, ഡിജിറ്റലൈസേഷൻ അടക്കമുള്ള പദ്ധതികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ബോർഡിന് നിലവിൽ സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല. അന്യാധീനപ്പെട്ട് പോകുമായിരുന്ന തമിഴ്‌നാട്ടിലെ പൻപോളിയിലുള്ള ദേവസ്വം ബോർഡിന്റെ 30 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തിരിച്ചുപിടിച്ചു. നിയമാനുസൃതം വസ്തുവിന്റെ പാട്ടക്കരാർ വാങ്ങി. ശബരിമലയിൽ വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ തിരുവല്ലത്തും, കൊട്ടാരക്കരയിലെ മാസ്റ്റർപ്ലാൻ പുരോഗമിക്കുന്നു. തിരുവല്ലം ക്ഷേത്ര വികസനത്തിനായി 6 കോടി രൂപയ്ക്ക് സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. കൊട്ടാരക്കരയിലെ പ്രസാദമായ ഉണ്ണിയപ്പത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അമ്പലത്തിൽ ലഭിക്കുന്ന നാളികേരത്തിൽ നിന്നും പ്രസാദ നിർമ്മാണത്തിനാവശ്യമായ എണ്ണ ഉൽപ്പാദിപ്പിക്കുന്ന യുണിറ്റ് ഉടൻ സ്ഥാപിക്കും. കാശിയിലെ ദേവസ്വം ബോർഡ് വക സത്രം നവീകരിച്ച് 30 മുറികളുള്ള രണ്ടു കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ഒരുകോടി രൂപ ദേവസ്വം ബഡ്ജറ്റിൽ വകയിരുത്തി.

ശബരിമല സന്നിധാനത്ത് സ്ഥാപിച്ചിട്ടുള്ള വീഡിയോ വാളിന്റെ മാതൃകയിൽ പമ്പയിലും നിലയ്ക്കലിലും വീഡിയോ വാൾ സ്ഥാപിക്കാനുള്ള 18 ലക്ഷം രൂപയുടെ പദ്ധതി തുടങ്ങിക്കഴിഞ്ഞു. ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് ക്ഷേത്രങ്ങളിൽ ഇ കാണിക്ക സംവിധാനം ഒരുക്കിവരുന്നു. പമ്പയിലെയും നിലയ്ക്കലിലെയും പെട്രോൾ പമ്പുകളിൽ യെസ് ബാങ്ക് എ ടി എം സ്ഥാപിക്കും. ശബരിമല ക്യു കോംപ്ളെക്സുകൾ ഡിജിറ്റലൈസ് ചെയ്യും. കോടതി നിർദ്ദേശം അനുസരിച്ച് കീടനാശിനി സാന്നിധ്യം കണ്ടെത്തിയ അരവണ നശിപ്പിക്കാനുള്ള ചുമതല സംസ്ഥാന സർക്കാരിനാണെന്നും ബോർഡ് അതിനുള്ള സഹായ സഹകരണങ്ങൾ നൽകുമെന്നും കെ അനന്തഗോപൻ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Related Articles

Latest Articles