Tuesday, May 14, 2024
spot_img

സൗദി രാജാവ്, യുഎഇ രാജാവ്, കുവൈറ്റ്‌ അമീർ, ഒമാൻ സുൽത്താൻ എന്നൊക്കെ പറഞ്ഞാൽ ഇവിടെ തേനും പാലും ഒഴുകും

പ്ലാറ്റിനം ജൂബിലി ആഘോഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ‘പ്രിൻസെസ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി’ എന്ന തലക്കെട്ടിൽ Dr. Sulphi Noohu പങ്കുവെച്ച പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ നിറയുന്ന പരിഹാസവും, അവഹേളനവും കാണുമ്പോൾ സത്യത്തിൽ ഇവരോടൊക്കെ സഹതാപമാണ് തോന്നുന്നത്.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിബായിയെ ‘പ്രിൻസസ്’ എന്ന് ചേർത്ത് വിശേഷിപ്പിച്ചതാണ് പുരോഗമന നവോത്ഥാന ജനാധിപത്യവാദികളെ അസ്വസ്ഥരാക്കുന്നത്.
സത്യത്തിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചരിത്രത്തെ ഇത്രയും വികലമായി പഠിച്ച ഒരു സമൂഹം ലോകത്ത് വേറെയുണ്ടാകില്ല. നമ്മളെ സംബന്ധിച്ച് നമ്മെ ഭരിച്ച മുൻകാലങ്ങളിലെ രാജവംശങ്ങൾക്കൊക്കെ ഒരു വില്ലൻ പരിവേഷമാണ്. അങ്ങനെയൊരു വില്ലൻ പരിവേഷം നല്കാൻ ഇടത് ചരിത്രകാരന്മാർ മനഃപൂർവം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതായത് ഈ രാജവംശങ്ങളുടെ കുറവുകൾ മാത്രമാണ് നമ്മൾ പഠിച്ചിട്ടുള്ളത്, അവർ നാടിന് വേണ്ടി ചെയ്ത കാര്യങ്ങളൊക്കെ മനഃപൂർവം അവഗണിച്ചു.
നമ്മൾ മലയാളികൾ ഇന്ന് കൊട്ടിഘോഷിക്കുന്ന വിദ്യാഭ്യാസത്തിന്റെയും, ആരോഗ്യരംഗത്തിന്റെയും, പൊതുമേഖലാ സ്ഥാപനങ്ങളുടെയും എല്ലാം അടിത്തറ പാകിയത് തിരുവിതാംകൂർ രാജവംശമായിരുന്നു എന്നതാണ് യാഥാർഥ്യം.
സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇന്ത്യയിൽ ചെറുതും വലുതുമായി ഏകദേശം 565 നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. ആ നാട്ടുരാജ്യങ്ങളിൽ ഒരു ക്ഷേമ രാഷ്ട്രമായി (Welfare State) നിന്നത് തിരുവിതാംകൂർ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം.
തിരുവിതാംകൂർ ഭരണാധികാരികൾ വളരെ ദീർഘവീക്ഷണം ഉള്ളവരായിരുന്നു. അന്നത്തെ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങളുടെ ശക്തമായ സമ്മർദം അതിജീവിച്ചും നിരവധി മാറ്റങ്ങളാണ് തിരുവിതാംകൂറിൽ നടപ്പിലാക്കിയത്.
1812 ൽ തിരുവിതാംകൂറിൽ അടിമ വ്യാപാരം നിയമം മൂലം നിർത്തൽ ചെയ്തു. ഇന്ത്യയിൽ അടിമവ്യാപാരം നിരോധിക്കപ്പെട്ടത് 1843 ലാണ്.
1815 ൽ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാക്കി എന്ന് പറയുമ്പോൾ ഊഹിക്കാം ഈ ഭരണാധികാരികളുടെ ദീർഘവീക്ഷണം. ഇന്ത്യയിൽ സൗജന്യ നിർബന്ധിത വിദ്യാഭ്യാസം എന്ന നിയമം നടപ്പിലാക്കുന്നത് 2009 ൽ മാത്രമാണ് എന്നോർക്കണം.. !
ദേവദാസി സമ്പ്രദായം, ക്ഷേത്രങ്ങളിലെ മൃഗബലി തുടങ്ങിയവയും നിയമം മൂലം നിരോധിച്ചു. ബാലവേല തിരുവിതാംകുറിൽ കർശനമായി നിരോധിക്കപ്പെട്ടു, വധശിക്ഷ നിർത്തലാക്കി തുടങ്ങിയ സാമൂഹിക മുന്നേറ്റങ്ങൾ..
തിരുവിതാംകൂർ സർവ്വകലാശാല (ഇപ്പോഴത്തെ കേരള സർവ്വകലാശാല), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ആയുർവേദ കോളേജ്, ഹോമിയോപ്പതി കോളേജ്, ആർട്സ് കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്സ്റ്റൈൽ ടെക്നോളജി, ഡിപാർട്ട്മെന്റ് ഓഫ് മരീൻ ബയോളോജി എന്നിങ്ങനെ പോകുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര. ആ സ്ഥാപനങ്ങളിലൊക്കെ രാജകുടുംബത്തിലെ അംഗങ്ങളുടെ ഭാര്യമാരോ, സ്തുതിപാഠകരോ അല്ല അധ്യാപകരായി വന്നത് എന്നതും എടുത്ത് പറയേണ്ടതുണ്ട്.
ശ്രീ ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടി ആണ് ചെലവഴിച്ചിരുന്നതെന്ന് പറയുന്നു. ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടുമ്പോൾ രാജ്യത്തിൻറെ സാക്ഷരതാ നിരക്ക് 12% ത്തിൽ താഴെ ആയിരുന്നപ്പോൾ കേരളത്തിലേത് (കൊച്ചിയും മലബാറും തിരുവിതാംകൂറും ചേർന്ന്) അത് 47% ആയിരുന്നു എന്നോർക്കണം. ഇപ്പോൾ മനസ്സിലായോ നമ്മുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അടിത്തറ എവിടെനിന്നാണ് വന്നത് എന്ന്.
ഇനി വ്യവസായവൽക്കരണത്തിന്റെ കാര്യമെടുത്താൽ, ഇന്ന് നമ്മൾ കൊടിപിടിച്ചും, മുദ്രാവാക്യം വിളിച്ചും പൂട്ടിച്ചതും, പൂട്ടലിന്റെ വക്കിൽ നിൽക്കുന്നതുമായ ഒട്ടുമിക്ക സ്ഥാപനങ്ങളും ആരംഭിച്ചത് തിരുവിതാംകൂർ രാജവംശമാണ്.
പൊതുഗതാഗത രംഗത്ത് ലോകത്തിൽ ആദ്യമായി സർക്കാർ ഇടപെട്ട രാജ്യമാണ് തിരുവിതാംകൂർ. 1938 ഫെബ്രുവരി 20-ന് തിരുവനന്തപുരം സെൻട്രൽ ബസ്സ്റ്റേഷനിൽനിന്ന് കവടിയാറിലേക്ക് ഓടിച്ച ബസ്സായിരുന്നു സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ പൊതു ബസ് സർവീസ് , അതാണ് ഇന്നത്തെ KSRTC !
തിരുവനന്തപുരം വിമാനത്താവളം പണി കഴിപ്പിച്ചത്, തിരുവനന്തപുരം നഗരം വൈദ്യുതീകരിച്ചത്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് (Travancore Titanium Products), എഫ്. എ. സി. ടി. (FACT) എന്നിവ തുടങ്ങിയത്, പള്ളിവാസൽ ജല വൈദ്യുത പദ്ധതി, ടെലിഫോൺ സർവീസുകൾ, തേക്കടി വന്യ മൃഗ സംരക്ഷണ കേന്ദ്രം അങ്ങനെ പോകുന്നു വികസന പദ്ധതികൾ.
മാതൃ-ശിശു രോഗചികിത്സക്കായി ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സ്ഥാപിച്ചു. അവിടെയാണ് പിന്നീട് മെഡിക്കൽ കോളേജ് ഉയർന്നത്. 1865 ൽ തിരുവനന്തപുരം ജനറൽ ആശുപത്രി, ആയുർവേദ ആശുപത്രി. 1813 ൽ തിരുവിതാംകൂറിൽ വാക്‌സിനേഷൻ ലഭ്യമായിരുന്നു എന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും. 200 കൊല്ലത്തിനിപ്പുറവും വാക്‌സിൻ എടുക്കാൻ ഭയക്കുന്ന ഒരു സമൂഹം ഉണ്ടിവിടെ എന്നോർക്കണം.
സ്വാതന്ത്ര്യലബ്ദിക്ക് ശേഷം തിരുവിതാംകൂർ രാജവംശം രാഷ്ട്രീയത്തിലോ മറ്റോ ഇറങ്ങിയിട്ടില്ല. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങളിലെ രാജകുടുംബങ്ങളിലെ എത്രയോ പേർ ഇന്നും ഇന്ത്യയിൽ മന്ത്രിമാരായും, ജനപ്രതിനിധികളെയും ഒക്കെ വാഴുന്നു . കേരളത്തിലെ മാധ്യമങ്ങൾ ഉൾപ്പെടെ അവരുടെ കുടുംബ മഹിമ വാഴ്ത്തി പാടുന്നത് കണ്ടിട്ടുണ്ട്.
അതേസമയം ഇന്ത്യ ജനാധിപത്യമായ ശേഷം തിരുവിതാംകൂർ രാജവംശ കുടുംബാംഗങ്ങളിൽ പലരും മറ്റു സംസ്ഥാനങ്ങളിലൊക്കെയാണ് പിന്നീട് ജീവിച്ചത് പോലും. നാടിന് വേണ്ടി ചെയ്ത നന്മയുടെ കാര്യങ്ങൾ പാടിപുകഴ്ത്തി നടക്കാനോ അതിന്റെ പേരിൽ എന്തെങ്കിലും നേടിയെടുക്കാനോ അവരാരും ശ്രമിച്ചിട്ടുമില്ല. സ്വന്തം കാര്യം നോക്കി അവർ ജീവിക്കുന്നു. അവരെ എന്തിനാണ് ഇങ്ങനെ അവഹേളിക്കുന്നത്?
സൗദി രാജാവ്, ഷാർജ ഷെയ്ഖ്, യുഎഇ രാജാവ്, കുവൈറ്റ്‌ അമീർ, ഒമാൻ സുൽത്താൻ എന്നൊക്കെ പറഞ്ഞാൽ ഇവിടെ തേനും പാലും ഒഴുകും. അതേസമയം നാട് ഭരിച്ച രാജവംശത്തിന്റെ തലമുറയിൽപെട്ട ആരെങ്കിലും എന്തെങ്കിലും ഒരു ചടങ്ങിൽ പങ്കെടുത്താൽ ഉടൻ പരിഹാസവും, അവഹേളനവും. അവർ ആരെയെങ്കിലും ഉപദ്രവിക്കുകയോ, ജനാധിപത്യത്തെ വെല്ലുവിളിക്കുകയോ, രാജ്യത്തെ നിയമങ്ങൾ പാലിക്കാതിരിക്കുകയോ, പൊതുഖജനാവ്‌ കയ്യിട്ട് വാരുകയോ, കടുംബാങ്ങളിൽ ആരെയെങ്കിലും വളഞ്ഞ വഴിയിൽ സർക്കാർ ജോലിയിൽ കയറ്റുകയോ, സ്വർണം കടത്തുകയോ മറ്റോ ചെയ്തോ?
ഇത് ഒരു മാനസീക രോഗമാണ് അല്ലെങ്കിൽ ചരിത്രത്തെ കുറിച്ച് ബോധമില്ലാത്തതിന്റെ കുഴപ്പം. ശരിക്കും ലജ്ജിക്കേണ്ടത് ഈ ചീത്തവിളിക്കുന്നവർ തന്നെയാണ്.
തിരുവിതാംകൂർ രാജവംശവും വിമർശനാതീതരല്ല. ആ ഭരണാധികാരികളുടെ നയങ്ങളിലും തെറ്റുകുറ്റങ്ങളും പിഴവുകളും ഒക്കെ ഉണ്ടായിരിക്കാം. വിമർശിക്കാം, പക്ഷെ അവഹേളിക്കാതിരുന്നുകൂടെ?
ആ വിമർശനങ്ങൾക്കിടയിലും അവർ ഈ നാടിന് ചെയ്ത നന്മകളുടെ ഗുണഫലങ്ങൾ ഇന്നും നമ്മൾ അനുഭവിക്കുന്നു എങ്കിൽ അതിന്റെ പേരിൽ നന്ദിയും അവർ അർഹിക്കുന്നു എന്ന് മറക്കരുത്.

Related Articles

Latest Articles