Friday, June 14, 2024
spot_img

മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തി വിദേശത്തുള്ള ഭർത്താവ് !യുവതിയുടെ പരാതിയിൽ ഭർ‌ത്താവിനും ഭർതൃ മാതാവിനുമെതിരെ കേസെടുത്ത് തൃക്കാക്കര പോലീസ്! രജിസ്റ്റർ ചെയ്തത് മുത്തലാഖ് നിയമപ്രകാരം കൊച്ചി സിറ്റി പരിധിയിലെടുക്കുന്ന ആദ്യ കേസ് !

കൊച്ചി: മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതിനെതിരെയുള്ള യുവതിയുടെ പരാതിയിൽ കേസെടുത്ത് തൃക്കാക്കര പോലീസ്. കൊച്ചി വാഴക്കാല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വിദേശത്തുള്ള ഭർ‌ത്താവിനും ഇയാളുടെ മാതാവിനുമെതിരെ കേസെടുത്തിരിക്കുന്നത്. 2019 ആഗസ്റ്റ് ഒന്ന് മുതൽ ക്രിമിനൽ കുറ്റമാക്കിയ മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് മുത്തലാഖ് നിയമപ്രകാരം കൊച്ചി സിറ്റി പരിധിയിലെടുക്കുന്ന ആദ്യ കേസാണിത്.

നിയമം മൂലം നിരോധിക്കപ്പെട്ട ശേഷവും വിദേശത്തുള്ള ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്നും മാനസികമായി ഭർതൃവീട്ടുകാർ പീഡിപ്പിച്ചുവെന്നും ഭർതൃവീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയതെന്നും യുവതിയുടെ പരാതിയിൽ‌ ചൂണ്ടിക്കാട്ടിയിരുന്നു.

യുവതിയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തി നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമാണ് യുവതിയുടെ ഭർത്താവിനെതിരെയും ഭർതൃമാതാവിനെതിരെയും കേസെടുത്തിരിക്കുന്നത്. യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭർത്താവിനെതിരെയും ഭർതൃമാതാവിനെതിരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകളും മുത്തലാഖ് നിരോധന നിയമത്തിലെ വകുപ്പുകൾക്കൊപ്പം ചുമത്തിയിട്ടുണ്ട്.

Related Articles

Latest Articles