Friday, May 17, 2024
spot_img

മുഖ്യമന്ത്രിക്ക് പറക്കാൻ മാസം 80 ലക്ഷം വാടകയുള്ള ഹെലികോപ്റ്റർ: വാടക കുടിശ്ശികയായ 50 ലക്ഷം അടിയന്തിരമായി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സർക്കാരിൻ്റെ വിവിധ ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്‌റ്ററിൻ്റെ വാടക കുടിശ്ശിക നൽകാൻ അധിക തുക അനുവദിച്ച് സംസ്ഥാന ധനകാര്യ വകുപ്പ്. 50 ലക്ഷം രൂപയാണ് കുടിശ്ശിക തുകയായി അനുവദിച്ചത്. ഒക്‌ടോബർ 20 മുതൽ നവംബർ 19 വരെയുള്ള വാടകയാണിത്.

മുഖ്യമന്ത്രി അടക്കമുള്ളവരുടെ യാത്രാ ആവശ്യങ്ങൾക്കായി ചിപ്‌സൺ ഏവിയേഷൻ കമ്പനിയിൽ നിന്നാണ് ഹെലികോപ്‌റ്റർ വാടകയ്ക്ക് എടുത്തത്. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക. കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് കമ്പനി പൊലീസ് മേധാവിയ്ക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കത്ത് ധനവകുപ്പിന് കൈമാറിയിരുന്നു. ഇതിനുശേഷമാണ് ധനവകുപ്പ് അധിക തുക അനുവദിച്ചത്. നവംബർ 20 മുതൽ ഡിസംബർ 19 വരെയുള്ള വാടക കുടിശ്ശികയും ചിപ്‌സൺ ഏവിയേഷന് നൽകാനുണ്ട്.

ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചാണ് വാടകയ്ക്കായി അധിക തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ നിലവിൽ ട്രഷറിയിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിൻ്റെ മുൻകൂർ അനുമതി ആവശ്യമാണ്.

കേരള പൊലീസുമായാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൺ ഏവിയേഷൻ കരാർ ഉറപ്പിച്ചിരിക്കുന്നത്. ആറ് സീറ്റുള്ള ഹെലികോപ്ടർ മൂന്ന് വർഷത്തേയ്ക്കാണ് സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. മാസം 80 ലക്ഷം രൂപ വാടകയിൽ ഇരുപത് മണിക്കൂറാണ് സഞ്ചരിക്കാനാവുക. അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം.

Related Articles

Latest Articles