ദില്ലി : ലോക്സഭയിൽ അശ്ലീല പദപ്രയോഗം നടത്തിയ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ രൂക്ഷ വിമർശനമുയരുന്നു. എംപിക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണപക്ഷമായ ബിജെപി രംഗത്തെത്തി. ഇന്നലെ ടിഡിപി എംപി റാം മോഹൻ നായിഡു സംസാരിക്കുന്നതിനിടെയാണ് മഹുവ അശ്ലീല വാക്ക് ഉപയോഗിച്ചത്. മഹുവ സംസാരിച്ചശേഷമാണ് റാം മോഹൻ സംസാരിച്ചത്. ഇതിനിടെ, ബിജെപി എംപി രമേശ് ബിധുരിയുമായി മഹുവ വാക്കുതർക്കത്തിൽ ഏർപ്പെടുകയും പെട്ടെന്ന് ക്ഷുഭിതയാകുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ഇവർ തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത് എന്നതാണ് രസകരമായ വസ്തുത.
മഹുവ മൊയ്ത്ര പരസ്യമായി ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി രംഗത്തെത്തി. ബിജെപി എംപി ഹേമമാലിനിയും മഹുവയ്ക്കെതിരെ രംഗത്തെത്തി. എല്ലാ സഭാംഗങ്ങളും ബഹുമാനമർഹിക്കുന്നവരാണെന്നും അതിവൈകാരികത കുഴപ്പത്തിൽ ചാടിക്കുമെന്നും മഹുവ അത്തരത്തിലൊരാൾ ആണെന്നും ഹേമമാലിനി വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിന്റെ സംസ്കാരശൂന്യതയാണ് മഹുവയുടെ വാക്കുകളിലൂടെ വെളിപ്പെട്ടതെന്നു ബിജെപി നേതാക്കൾ പ്രതികരിച്ചു.

