Thursday, December 18, 2025

ഓഫീസ് പൂട്ടി ഉല്ലാസ യാത്ര ; സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിൽ ; അന്വേഷണം ആരംഭിച്ച് കളക്ടർ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നെന്ന് വ്യക്തമായി. ഈ സംഘത്തിൽ അവധി അപേക്ഷിച്ചവരും അപേക്ഷിക്കാത്തവരും ഉണ്ടായിരുന്നു. യാത്ര സംഘടിപ്പിച്ചത് ഓഫീസ് സ്റ്റാഫ്‌ കൗൺസിലാണ്. ഒരാളിൽ നിന്ന് 3000 രൂപ വീതം യാത്രാ ചെലവിന് പിരിച്ചിരുന്നു. താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു വരുകയാണ്. ജീവനക്കാരുടെ വിനോദയാത്രക്ക് യാത്രക്ക് സ്പോൺസർ ഉണ്ടായിരുന്നു എന്നതും കളക്ടർ അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നൂറുകണക്കിന് ആളുകൾ ആവശ്യങ്ങൾക്ക് എത്തുമ്പോഴാണ് റവന്യു ഉദ്യോഗസ്ഥർ വിനോദയാത്രക്ക് കൂട്ടമായി പോയത്. 63 ജീവനക്കാരിൽ 42 പേരാണ് ഓഫീസിൽ നിന്ന് യാത്ര പോയത്. ഈ വിഷയം വാർത്ത ആയതോടെ കോന്നി എംഎൽഎ കെയു ജനീഷ് കുമാർ താലൂക്ക് ഓഫീസിലെത്തി അന്വേഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം ഉണ്ടാവുമെന്ന് കളക്ടർ അറിയിച്ചു.

Related Articles

Latest Articles