Thursday, May 16, 2024
spot_img

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കും ; നടപടികളുമായി മുന്നോട്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സ്വകാര്യ വത്കരണത്തിനുള്ള നടപടിക്രമങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയാണെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി രാജ്യസഭയെ അറിയിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം വിമാത്താവളങ്ങളാണ് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചതെന്ന് ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ലേല നടപടികൾ പൂർത്തിയായെങ്കിലും നിലവിൽ ഇതുവരെയും ഒരു കമ്പനിക്കും വിമാനത്താവളങ്ങൾ കൈമാറിയിട്ടില്ല.

കൈമാറും മുന്‍പ് വ്യോമയാന മേഖലയിലെ പരിചയസമ്പത്തിനൊപ്പം കമ്പനികളുടെ സാമ്പത്തിക ഭദ്രത കൂടി കണക്കിലെടുക്കും. സ്വകാര്യവത്കരണത്തിന് ശേഷവും സുരക്ഷ, കസ്റ്റംസ് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഏജൻസികൾ മേൽനോട്ടം വഹിക്കും. കേരളത്തിന്‍റെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നതായും ഹർദീപ് സിംഗ് പുരി പറഞ്ഞു.

വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ ശുപാർശ ഇപ്പോൾ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. തിരുവനന്തപുരം അടക്കമുള്ള ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നടപടികൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാവും വരെ കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുകയായിരുന്നു. ആറിടത്തും കരാർ നേടിയത് ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസാണ്. ഫെബ്രുവരി 28ന് അദാനിയുമായി കരാറൊപ്പിടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഗുവാഹത്തി വിമാനത്താവളം സ്വകാര്യവത്കരണം കേസായതിനാൽ നീണ്ടുപോവുകയായിരുന്നു.

Related Articles

Latest Articles