തിരുവനന്തപുരം: സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ വന്ന യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച അഞ്ചംഗസംഘം പിടിയിൽ. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ പോലീസ് പിടികൂടി. കോവളം കോഴിയൂർ വാഴത്തോട്ടം സ്വദേശികളായ അജിത് പ്രണവ്, വെടിവച്ചാൻ കോവിൽ അയണിമൂട് സ്വദേശി സുബിൻ, കോളിയൂർ ചരുവിള വീട്ടിൽ സുബിൻ, മുട്ടയ്‌ക്കാട് സ്വദേശി അജിൻ എന്നിവരാണ് തിരുവല്ലം പോലീസിന്റെ വലയിലായത്.
പ്രതികളിൽ നിന്ന് മഴു, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളും പിടിച്ചെടുത്തു. പള്ളിച്ചൽ സ്വദേശിയായ കിഷോറിനെയാണ് അഞ്ചംഗ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചത്. മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണം നടത്തിയത്.
ഏപ്രിൽ 10ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു കിഷോർ. അക്രമികളെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കിഷോറിനെ സംഘം റോഡിൽ തള്ളിയിട്ട് കൈയ്‌ക്കും കാലിനും വെട്ടുകയായിരുന്നു. നിലവിൽ കിഷോർ ആശുപത്രിയിൽ ചികിത്സയിലാണ്.

