Sunday, December 21, 2025

അപകടം പറ്റിയ സുഹൃത്തിനെ വഴിയിലുപേക്ഷിക്കാൻ ശ്രമം; സഹയാത്രികൻ സഹദിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ്

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ആറന്മുള പോലീസ്. സഹദിനൊപ്പം സഞ്ചരിച്ച സുധീഷ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചേർത്ത് എഫ്ഐആറിൽ മാറ്റം വരുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പത്തനംതിട്ട കാരംവേലിയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. പരിക്കേറ്റ 17കാരനായ നെല്ലിക്കാല സ്വദേശി സുധീഷ് ആണ് മരിച്ചത്. സുധീഷിന്റെ വീട്ടിലെത്തിയ സഹദ് കോഴഞ്ചേരിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സുധീഷിനെ ഒപ്പം കൂട്ടിയത്. അല്പദൂരം പിന്നിട്ടപ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന സുധീഷ് റോഡിലേക്ക് തെറിച്ച വീണ് തലയ്‌ക്ക് ഗുരുതരമായി പരിക്ക് പറ്റി. എന്നാൽ സുഹൃത്തായ സഹദ് ഇത് കണ്ടിട്ടും സുധീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ ബൈക്കുമായി അവിടെ നിന്നും കടന്നുകളയാൻ ശ്രമിച്ചു. സംഭവ സ്ഥലത്തുനിന്നും രക്ഷപെടാൻ ശ്രമിച്ച സഹദിനെ നാട്ടുകാർ തടഞ്ഞ് വെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Related Articles

Latest Articles