Friday, May 17, 2024
spot_img

ചൈനീസ് ചാരക്കപ്പലിന് പിന്നാലെ തുർക്കിയുടെ യുദ്ധക്കപ്പലും മാല ദ്വീപിലേക്ക് ! നീക്കം 37 മില്യൺ യുഎസ് ഡോളറിൻ്റെ ആയുധ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ

കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പരോക്ഷമായി അനുകൂലിക്കുന്നതിനാൽ തന്നെ തുർക്കിയുമായുള്ള ഭാരതത്തിന്റെ നയതന്ത്ര ബന്ധം താഴോട്ടാണ്. ജമ്മു കശ്മീരിൽ 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് അന്താരാഷ്ട്ര കോൺഫറൻസുകളിൽ ഉന്നയിക്കാനുള്ള അവസരങ്ങളൊന്നും തുർക്കി ഉപേക്ഷിച്ചിട്ടില്ല.

നിലവിൽ ജപ്പാനുമായുള്ള നയതന്ത്ര ബന്ധത്തിൻ്റെ 100-ാം വാർഷികം ആഘോഷിക്കുകയാണ് തുർക്കി. വികസന കാര്യങ്ങളിൽ ഇരു രാജ്യങ്ങളും അടുത്ത പങ്കാളിയാണ്. ആഘോഷങ്ങളുടെ ഭാഗമായി ടിസിജി കിനാലിയഡ എന്ന തുർക്കിയുടെ പടക്കപ്പൽ വലിയ യാത്രയിലാണ്. 134 ദിവസത്തെ യാത്രയിലുടനീളം, കപ്പൽ ഏകദേശം 27,000 നോട്ടിക്കൽ മൈലുകൾ സഞ്ചരിക്കും, കൂടാതെ ജപ്പാൻ, പാകിസ്ഥാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, ചൈന എന്നിവയുൾപ്പെടെ 20 രാജ്യങ്ങളിലായി 24 തുറമുഖങ്ങൾ ഈ യാത്രയിൽ കപ്പൽ സന്ദർശിക്കും.

മാലദ്വീപിൽ പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സുവിൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ദ്വീപിൽ നിന്നും ഇന്ത്യയെ പുറത്താക്കുക എന്ന പ്രചാരണത്തിലാണ്. ദ്വീപിൽ വിന്യസിച്ചിരുന്ന 77 ഇന്ത്യൻ സൈനികർ മടങ്ങിയെത്തിരുന്നു. മാലദ്വീപ് ദേശീയ പ്രതിരോധ സേനയ്ക്ക് ഇന്ത്യ സമ്മാനിച്ച രണ്ട് ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും മാലദ്വീപ് സൈന്യത്തെ പരിശീലിപ്പിക്കാനുമാണ് ഇന്ത്യൻ സൈനികർ മാലദ്വീപിൽ തങ്ങിയിരുന്നത്.

ദ്വീപസമൂഹത്തിലെ വിവിധ ദ്വീപുകളിൽ നിന്ന് രോഗികളെ മാലെയിലെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ ഈ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചിരുന്നു. 500-ലധികം മാലദ്വീപ് നിവാസികളുടെ ജീവൻ ഇത്തരത്തിൽ രക്ഷിക്കാൻ സാധിച്ചിരുന്നു. തീരത്തിലൂടെയുള്ള ആയുധ -മയക്ക് മരുന്ന് കടത്തലിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഡോർണിയർ വിമാനം വഴി സാധിച്ചു.

എന്നാൽ മാലദ്വീപിൽ മുഹമ്മദ് മൊയിസുവിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയുമായില്ല ബന്ധം തകർന്നു.മാത്രമല്ല ചൈനയുമായി അടുപ്പം പുലർത്തിയ മൊയിസു അവരുടെ ചാരക്കപ്പലുകൾക്കായി തീരം തുറന്നുകൊടുക്കുകയും ചെയ്തു. ഇന്ത്യയുടെ എതിരാളിയായ തുർക്കിക്കും അത് ആശ്വാസം പകർന്നു. മാലദ്വീപിലെ പുതിയ സർക്കാർ തുർക്കിയുമായി 37 മില്യൺ യുഎസ് ഡോളറിൻ്റെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. സമുദ്രത്തിൽ നിരീക്ഷണം നടത്താൻ ഉപയോഗിക്കുന്ന ഡ്രോണുകളുടെ ഇടപാടാണ് ഇതിൽ പ്രധാനം. ഇവ ഇന്ത്യൻ ഡോർണിയർ വിമാനത്തിന് പകരമായി കടൽ പ്രവർത്തനങ്ങളും നിരീക്ഷണവും നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

തുർക്കിയിലെ ബയ്കർ ടെക്നോളജി വികസിപ്പിച്ചെടുത്ത ബയ്രക്തർ ടിബി2 ഡ്രോൺ അതിൻ്റെ 900,000 ചതുരശ്ര കിലോമീറ്റർ നിരീക്ഷിക്കാനും അതുവഴി സമുദ്ര നിരീക്ഷണ ശേഷി വർദ്ധിപ്പിക്കാനും മാലദ്വീപ് സർക്കാർ ലക്ഷ്യമിടുന്നു. ഈ തുർക്കി ഡ്രോണുകൾക്കുള്ള പണം ബജറ്റിൽ വിലയിരുത്തിയിട്ടുണ്ട്. പണം ഗഡുക്കളായി നൽകും.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ (IOR) മുനമ്പിൽ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക, വിദേശ ഗവേഷണ കപ്പലുകൾക്ക്‌ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ജനുവരി 1 ന് ആരംഭിച്ച ഈ ഉപരോധം ഇന്ത്യയുടെ വലിയ നയതന്ത്രപരവും തന്ത്രപരവുമായ വിജയമായി കണക്കാക്കപ്പെടുന്നു, ഇത് ശാസ്ത്രീയ പരിശോധനകൾ നടത്തുന്നതിൻ്റെ മറവിൽ സമുദ്രത്തിൽ നിരീക്ഷണം നടത്തി വന്ന ചൈനീസ് ഗവേഷണ കപ്പലുകൾക്ക് തിരിച്ചടിയായിരുന്നു.

Related Articles

Latest Articles