Sunday, June 16, 2024
spot_img

തലസ്ഥാനം അടഞ്ഞു. സ്ഥിതി അതീവഗുരുതരം

തിരുവനന്തപുരം: നഗരത്തിലെ സ്ഥിതി അതീവ ഗുരുതരം. ഇന്നലെ സമ്ബര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 22 പേര്‍ക്ക്. ഇതില്‍ 14 പേരുടെയും രോഗ ഉറവിടമറിയില്ല.
എന്തിനെയാണോ നഗരം ഭയന്നത് അത് സംഭവിക്കുകയാണ്. സമൂഹവ്യാപനത്തിന്‍റെ തൊട്ടടുത്തെത്തിയിരിക്കുകയാണ് തലസ്ഥാന നഗരം. സംസ്ഥാനത്താദ്യമായി ഒരു ജില്ലയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചു. 22 പേര്‍ക്കാണ് ഇന്നലെ സമ്ബര്‍ക്കത്തിലൂടെ തിരുവനന്തപുരത്ത് രോഗമുണ്ടായത്. ഇതില്‍ 14 പേരുടെയും രോഗ ഉറവിടം അവ്യക്തമാണ്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൌണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു. സെക്രട്ടറിയേറ്റ് ഉള്‍പ്പടെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. മെഡിക്കല്‍ സ്റ്റോറും അവശ്യസാധനങ്ങളുടെ കടകളും മാത്രം പ്രവര്‍ത്തിക്കും. അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനും തീരുമാനം.

ഇന്ന് രാവിലെ 6 മുതലാണ് ട്രിപ്പിള്‍ ‍ലോക്ഡൌണ്‍ പ്രാബല്യത്തില്‍ വന്നത്. പൊലീസ്, പ്രതിരോധ സ്ഥാപനങ്ങള്‍, റവന്യു ഓഫീസുകള്‍, നഗരസഭ ഓഫീസുകള്‍, ഒഴികെ ഒരു സര്‍ക്കാര്‍ ഓഫീസും പ്രവര്‍ത്തിക്കില്ല. സെക്രട്ടറിയേറ്റും അടക്കുന്നതിനാല്‍ മുഖ്യമന്ത്രി ക്ലിഫ് ഹൌസിലിരുന്നാകും പ്രവര്‍ത്തിക്കുക. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇളവുണ്ട്. മെഡിക്കല്‍ അടിയന്തര സേവനങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല. മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ ഈ സേവനങ്ങള്‍ക്കായി ജനങ്ങള്‍ പുറത്തുപോകരുത്. ജില്ലാഭരണകൂടം നിശ്ചയിച്ച ഫോണ്‍ നമ്ബരുകളില്‍ വിളിച്ചാല്‍ അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കും.

കോര്‍പ്പറേഷന്‍ പരിധിക്കു പുറത്ത് നിലവിലുള്ള കണ്ടെയിന്‍മെന്‍റ് സോണുകള്‍ അതുപോലെത്തന്നെ തുടരും. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. നഗരത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചു.

Related Articles

Latest Articles